എറണാകുളം: വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓവനുകളും ബേക്കറി പ്രൊഡക്ഷൻ ഉപകരണങ്ങളും നിർമ്മിക്കുന്ന സംരംഭം ആരംഭിക്കാൻ 2013 മുതൽ തയാറെടുക്കുന്നതാണ് പുത്തൻവേലിക്കര സ്വദേശി ഇ.എം. റിജീഷ്. പക്ഷേ അന്നു തുടങ്ങിയ ഓട്ടവും പ്രളയവും കോവിഡുമടക്കമുള്ള പ്രതിസന്ധികളും വിവിധ തടസങ്ങളും 2021 ൽ റിജീഷിനെ ലക്ഷങ്ങളുടെ കടക്കാരനാക്കി. കഴിഞ്ഞ മൂന്നു വർഷത്തോളമായി തിരിച്ചടവ് മുടങ്ങിയതിനാൽ ബാങ്കുകാരുടെ ജപ്തി ഭീഷണി. ഒടുവിൽ ആശ്വാസമായത് മീറ്റ് ദ മിനിസ്റ്റർ അദാലത്ത്. റിജീഷിന്റെ സംരംഭം ആരംഭിക്കാനും ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി. പുതിയ അനുമതിക്ക് അപേക്ഷിക്കാനും ജില്ലാതല ഏകജാലക സംവിധാനത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ കണ്ടെത്താനും അദാലത്തിൽ തീരുമാനമായി. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കാൻ കേരള ബാങ്കിന് നിർദ്ദേശം നൽകി. റിജീഷിന്റെ സംരംഭം യാഥാർഥ്യമാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രവും മലിനീകരണ നിയന്ത്രണ ബോർഡും എല്ലാ പിന്തുണയും നൽകും.
2015 ലാണ് ബിൽഡിംഗ് പെർമിറ്റിന് അനുമതി തേടി റിജീഷ് അപേക്ഷ നൽകിയത്. കൃഷി വകുപ്പിൽ നിന്നും വില്ലേജ് ഓഫീസിൽ നിന്നും അനുകൂലമായ റിപ്പോർട്ട് നൽകി. ആർ ഡി ഒ ഓഫീസിൽ നിന്നും അനുമതി ലഭിച്ചില്ല. വീട് നിർമ്മാണത്തിന് മാത്രമേ അനുമതി നൽകാനാവൂ എന്നായിരുന്നു നിലപാട്. തുടർന്ന് 2016 ഫെബ്രുവരി 2 ന് കളക്ട്രേറ്റിൽ അപേക്ഷ നൽകി. പക്ഷേ അവിടെയും തീരുമാനമായില്ല. തുടർന്ന് കോടതി സമീപിക്കുകയും 2007 ൽ ഭൂമി തരം മാറ്റത്തിന് അപേക്ഷ നൽകുകയും ചെയ്തു. 2018ൽ വീണ്ടും ഫോർട്ടുകൊച്ചി ആർ ഡി ഒ ഓഫീസിൽ അപേക്ഷ നൽകിയെങ്കിലും തീരുമാനമായില്ല. ഈ സമയത്ത് ചെറിയ ഷെഡ് കെട്ടി റിജീഷ് ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ചെങ്കിലും പ്രളയത്തിൽ പ്രതീക്ഷകളെല്ലാം മുങ്ങി.
2019 ൽ റവന്യൂ മന്ത്രിക്ക് നേരിട്ട് അപേക്ഷ സമർപ്പിച്ചതോടെ റിജീഷിന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ വെച്ചു. പക്ഷേ 2021 ജനുവരി 18നാണ് സ്ഥല സംബന്ധിയായ അനുമതി ലഭിച്ചത്. സഹകരണ ബാങ്കിൽ നിന്ന് 15 ലക്ഷവും സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 11 ലക്ഷവും വായ്പയെടുത്താണ് സ്റ്റാർ മെയ്ക്ക് എൻജിനീയേഴ്സ് എന്ന സംരംഭം കെട്ടിപ്പടുക്കാനിറങ്ങിയത്. തിരിച്ചടവ് മുടങ്ങിയതോടെ കടബാധ്യത കൂടി ജീവിതം വഴിമുട്ടിയപ്പോഴാണ് ആശ്വാസമായി അദാലത്ത് നടന്നത്. ചെറിയ രീതിയിൽ സംരംഭം ആരംഭിക്കുന്നതിനുള്ള പുതിയ വ്യാവസായിക വായ്പയോ എടുത്ത വായ്പയ്ക്ക് സബ്സിഡിയോ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഇലക്ട്രിക്കൽ ട്രേഡിൽ ഡിപ്ലോമക്കാരനായ റിജീഷ് അപേക്ഷ സമർപ്പിച്ചിരുന്നത്.