കൊട്ടിയൂര്‍ പീഡനക്കേസ്; ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് വിവാഹം കഴിക്കാന്‍ ജാമ്യമില്ല, റോബിന്‍ വടക്കുംചേരിയുടെ ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയെ സുപ്രീം കോടതി തള്ളി. ഇത് സംബന്ധിച്ച ഹരജികളെല്ലാം 02/08/21 തിങ്കളാഴ്ച കോടതി തള്ളി.

ഹരജികളില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. കേസില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹരജിയില്‍ പറയുന്നത്.

രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ ഹരജിയിലും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

തന്റെ കുട്ടിക്ക് നാല് വയസായെന്നും മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്നും വ്യക്തമാക്കിയാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നതാണ്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →