തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റിന് 12 വയസ്സ്; വാർഷികാഘോഷം ഓഗസ്റ്റ് 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളുടെ ജീവിതത്തിലും കാഴ്ച്ചപ്പാടിലും സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ഓഗസ്റ്റ് 2ന് 12 വയസ്സ് പൂർത്തിയാകുന്നതിന്റെ വാർഷികദിനാചരണം വൈകിട്ട് ഏഴുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയുടെ ഫെയ്‌സ് ബുക്ക്, യുട്യൂബ് പേജുകളിലൂടെ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും. ആഗസ്റ്റ് രണ്ട് മുതൽ ഏഴ് വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ 8.45 ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതാക ഉയർത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും. ഇതേസമയം തന്നെ എല്ലാ ജില്ലകളിലും പതാക ഉയർത്തലും ഗാർഡ് ഓഫ് ഓണറും നടക്കും. വൈകിട്ട് ഏഴുമണിക്ക് ഓൺലൈനിൽ നടക്കുന്ന വാർഷിക ഉദ്ഘാടനച്ചടങ്ങിൽ അരലക്ഷം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

വിവിധ വകുപ്പ് മേധാവികൾ വിവിധ വിഷയങ്ങളെ അധികരിച്ച് എസ്.പി.സി ദിനസന്ദേശം നൽകും. ‘ആവാസവ്യവസ്ഥയുടെ പുന:സ്ഥാപനത്തിൽ യുവാക്കളുടെ പങ്ക്’ എന്ന വിഷയത്തിൽ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ കേശവനും ‘അനാരോഗ്യകരമായ ആസക്തികൾക്കെതിരെ എസ്.പി.സി’ എന്ന വിഷയത്തിൽ എക്‌സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്ണനും സന്ദേശം നൽകും. ‘സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ മാറ്റങ്ങളുടെ നേതാവ്’ എന്ന വിഷയത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും ‘കൊറോണ പ്രതിരോധവും എസ്.പി.സിയും’ എന്ന വിഷയത്തിൽ എ.ഡി.ജി.പി വിജയ് സാഖറെയുമാണ് സന്ദേശം നൽകുക. ‘പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി’  എന്ന വിഷയത്തിൽ പട്ടികജാതി വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ സംസാരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →