തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി 01/08/2021 ഞായറാഴ്ച മെഡിക്കൽ പിജി ഡോക്ടർമാർ നടത്തിയ ചർച്ച പരാജയം. മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർ, ജെഡിഎംഇ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ എന്നിവരുമായാണ് പിജി ഡോക്ടേഴ്‌സ് പ്രതിനിധികൾ ചർച്ച നടത്തിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യങ്ങൾ കേൾക്കുകയും അവ ഉന്നത തലത്തിലേക്ക് എത്തിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരം കാണാൻ സാധിച്ചില്ല.
സമരവുമായി മുന്നോട്ട് പോകുമെന്ന് പി.ജി ഡോക്ടർമാരുടെ സംഘടനയായ മെഡിക്കൽ പി.ജി അസോസിയേഷൻ അറിയിച്ചു. 02/08/2021 തിങ്കളാഴ്ച്ച പന്ത്രണ്ട് മണിക്കൂർ പണിമുടക്കും. അതിന് ശേഷം അനിശ്ചിതകാലസമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് ഭാരം കുറയ്ക്കുക, സീനിയർ റസിഡൻസി സീറ്റുകൾ വർധിപ്പിക്കുക, മെഡിക്കൽ ഡോക്ടർമാരുടെ ഒഴിവ് നികത്തുക, സ്റ്റെപ്പൻഡ് വർധനവ് നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പഠനം തടസ്സപ്പെടുന്നതും, പഠിച്ചിറങ്ങിയവരുടെ ജോലി പ്രതിസന്ധിയിലായതും ചൂണ്ടിക്കാട്ടിയാണ് സമരമല്ലാതെ മറ്റുവഴിയില്ലെന്ന നിലപാടിലേക്ക് പിജി ഡോക്ടർമാർ എത്തിച്ചേർന്നത്.
02/08/2021 തിങ്കളാഴ്ച്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെയാണ് പിജി ഡോക്ടേഴ്‌സിന്റെ സംസ്ഥാന വ്യാപക സൂചന പണിമുടക്ക്. കൊവിഡിതര ചികിത്സയിൽ നിന്നും ജോലികളിൽ നിന്നും ഇവർ പൂർണമായി വിട്ട് നിൽക്കും. അത്യാഹിത വിഭാഗം, ഐസിയു, കൊവിഡ് ചികിത്സ എന്നിവ മുടക്കില്ല.

