കൊല്ലം: പൊതുവികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം- മന്ത്രി കെ. എന്‍. ബാലഗോപാല്‍

കൊല്ലം: കോവിഡ് സാഹചര്യം നിലനില്‍ക്കേ ജില്ലയുടെ പൊതുവികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍  ഉദ്യോഗസ്ഥതലത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ വികസന സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും തീരമേഖലയിലടക്കവും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായ ഏകോപനം ഉണ്ടാകണം-അദ്ദേഹം ആവശ്യപ്പെട്ടു. മൈനിങ്, ജിയോളജി വകുപ്പുകളുടെ പരിഗണനയിലുള്ള ഫയലുകളില്‍ വേഗത്തില്‍ പരിഹാരം കാണണം.

പട്ടിക വര്‍ഗ കോളനികളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കണമെന്നും  പി.എസ്. സുപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം ഉള്‍പ്പടെ  പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിന് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശമാണ് എം.എല്‍.എ മാരായ സി. ആര്‍. മഹേഷും ഡോ. സുജിത് വിജയന്‍ പിള്ളയും നല്‍കിയത്. മലയോര മേഖലയായ പത്തനാപുരത്ത് താലൂക് ആശുപത്രിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി പി.എ.സജിമോന്‍ അറിയിച്ചു.

വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ കാര്യക്ഷമത പുലര്‍ത്തണമെന്നും പട്ടികജാതി മേഖലയില്‍ മേഖലയില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം കൃത്യതയോടെ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഉന്നയിച്ച വാക്‌സിന്‍ വിതരണം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍  നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് എ.ഡി.എം എന്‍. സാജിതാ ബീഗം അറിയിച്ചു. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ. ആമിന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →