പാലാ രൂപതയ്‌ക്ക്‌ പിന്തുണയുമായി സീറോമലബാര്‍ സഭ

കൊച്ചി : കുടുംബ വര്‍ഷാചരണത്തോടനുബന്ധിച്ച്‌ കുടുംബങ്ങള്‍ക്കായി പാലരൂപത പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ സീറോ മലബാര്‍ സഭ. കാലത്തിന്റെ സ്‌പന്ദനങ്ങള്‍ക്കനുസരിച്ചുളള നല്ലയിടയന്റെ പ്രതികരണമാണിതെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ അംഗങ്ങളായ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയിലും, മാര്‍ ജോസ്‌ പുളിക്കലും അഭിപ്രായപ്പെട്ടു. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടാണ്‌ കമ്മീഷന്‍ ചെയര്‍മാന്‍.

മനുഷ്യ ജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ്‌ യഥാര്‍ത്ഥ സംസ്‌കൃത സമൂഹമെന്ന കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌ തന്റെ പ്രഖ്യാപനമെന്ന്‌ മാര്‍ കല്ലറങ്ങാട്ട്‌ അസന്നിഗ്‌ദമായി പറയുന്നുണ്ട്‌. അദ്ദേഹത്തിന്‍റെ ഈ നിലപാടിന്‌ പിന്നില്‍ സിനഡല്‍ കമ്മീഷന്‍ ഉറച്ചുനില്‍ക്കുകയും അതിനെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു.

പാലാരൂപതയില്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ക്കു സമാനമായ പദ്ധതികള്‍ സീറോമലബാര്‍ സഭയിലെ എല്ലാ രൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോലൈഫ്‌ നയമാണ്‌ സഭക്കുളളത്‌. മനുഷ്യസമൂഹത്തിന്റെ സുസ്ഥിതിക്കുവേണ്ടി സ്ഥാപിച്ചിട്ടുളള അതുല്യ വ്യവസ്ഥിതിയാണ്‌ കുടുംബം. വിവാഹം, കുടുംബം,കുഞ്ഞുങ്ങള്‍ എന്നിവയുടെ നിലനില്‍പ്പിന്‌ ഭീഷണിയാകുന്ന നിലപാടുകള്‍ സാമൂഹിക വ്യവസ്ഥിതിയെ തകര്‍ക്കും. ഇത്തരം കാര്യങ്ങളില്‍ പ്രതിലോമ ചിന്താഗതികള്‍ അ്‌ടിച്ചേല്‍പ്പിക്കാന്‍ ചില മാധ്യമങ്ങളും കലാകാരന്മാരും ശ്രമിക്കുന്നത്‌ നിര്‍ഭാഗ്യകരമാണ്‌.

അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല.ഉത്തരവാദിത്തപരമായ മാതൃത്വത്തെയും പിതൃത്വത്തെയും പറ്റിയാണ്‌ സഭ ദമ്പതികളെ ഓര്‍മ്മിപ്പിക്കുന്നത്‌. ജനസംഖ്യാപരമായ ശൂന്യതയിലേക്ക്‌ ആണ്ടുപോകുന്ന സമൂഹങ്ങളെപ്പറ്റി സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്‍റെ യും നാടായ ഭാരതത്തില്‍ പൊതുസമൂഹത്തിനും യഥാര്‍ത്ഥത്തില്‍ ഉത്‌ക്കണ്ട ഉണ്ടാകേണ്ടതാണ്‌.

വലിയ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ശ്രദ്ധ , നല്‍കപ്പെട്ട ജീവനെ സംരക്ഷിക്കാനുളള കരുതലായിട്ടാണ്‌ നാം കാണേണ്ടത്‌. സാമ്പത്തിക പരാധീനതയുടെയും മറ്റുബുദ്ധിമുട്ടുകളുടെയും പേരില്‍ ജീവനെ നിശിപ്പിക്കാതിരിക്കാനുളള ചിന്തകള്‍ ഉണ്ടാകാതിരിക്കാനാണ്‌ ജീവന്റെ മൂല്യത്തപ്പറ്റി ഉത്തമ ബോധ്യമുളള സഭ കൂടുതല്‍ കുഞ്ഞുങ്ങളുളള കുടുംബങ്ങള്‍ക്ക്‌ കൈത്താങ്ങാവുന്നത്‌. പരസ്‌പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട്‌ മിശിഹായുടെ ധര്‍മം പൂര്‍ത്തിയാക്കാനുളള ദൗത്യത്തിലാണ്‌ സഭ പങ്കുചേരുന്നതെന്നും സിനഡല്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →