ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രിം കോടതി

ദില്ലി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനുള്ള ഉത്തരവിടില്ലെന്ന് സുപ്രിം കോടതി. ദാരിദ്ര്യം കൊണ്ടാണ് ആളുകൾ തെരുവിൽ ഭിക്ഷ യാചിക്കുന്നത്. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കിൽ ആരും ഭിക്ഷ യാചിക്കാൻ പോകില്ലായിരുന്നു . പ്രമാണിവര്‍ഗ്ഗത്തിന്‍റെ കാഴ്ചപ്പാടല്ല ഇക്കാര്യത്തിൽ സുപ്രീംകോടതിക്ക് ഉള്ളതെന്ന്  ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ച് 27/07/2021 ചൊവ്വാഴ്ച പറഞ്ഞു. കൊവിഡ് ഭീഷണി തടയാൻ തെരുവിൽ ഭിക്ഷ യാചിക്കുന്നവരെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലായിരുന്നു ഈ പരാമര്‍ശം.

ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു.

ഭിക്ഷ യാചിച്ച് ജീവിക്കണം എന്ന് ആരും ആഗ്രഹിക്കുന്നവരല്ല. ഒരു ഗതിയും ഇല്ലാത്ത അവസ്ഥയിലായിരിക്കും അത്. അവര്‍ക്ക് മുന്നിൽ കണ്ണടക്കാനും കോടതിക്ക് കഴിയില്ല. സര്‍ക്കാരുകളുടെ സാമൂഹ്യക്ഷേമ നയങ്ങളിലെ പോരായ്മകൾ കൊണ്ട് കൂടിയാണ് ആളുകൾക്ക് തെരുവിൽ ഭിക്ഷ യാചിക്കേണ്ടി വരുന്നതെന്നും കോടതി പരാമര്‍ശം നടത്തി. അതിനാൽ തെരുവിൽ നിന്ന് അവരെ മാറ്റിനിര്‍ത്തണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →