വീടിനുമുകളില്‍ കല്ലുമഴ : കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കട്ടപ്പന : ഉപ്പുതറയില്‍ രണ്ട്‌ വീടുകള്‍ക്കുമുകളിലേക്ക്‌ കല്ലുകള്‍ വന്നുവീഴുന്ന സംഭവത്തില്‍ ഭീതിയിലായ കുടംബങ്ങളെ മാറ്റി പാര്‍പ്പിച്ച്‌ റവന്യൂ അധികൃതര്‍. പ്രതിഭാസത്തെക്കുറിച്ച്‌ പഠിക്കാന്‍ ഭൗമ ശാസ്‌ത്രജ്ഞരുടെ സംഘം സ്ഥലം സന്ദര്‍ശിക്കും. ഉപ്പുതറ വളകോട്‌ പുളിങ്കട്ട പാറവിളയില്‍ സെല്‍വരാജിന്റെയും സുരേഷിന്റെയും വീടുകള്‍ക്കുമുകളിലാണ്‌ കല്ലുകള്‍ മഴപോലെ വന്നുവീഴുന്നത്‌. കല്ലുവീണ്‌ മേല്‍ക്കൂരയിലെ ആസ്‌ബസ്‌റ്റോസ്‌ ഷീറ്റുകള്‍ പൊട്ടിയിട്ടുണ്ട്‌.

മൂന്നാഴ്‌ചമുമ്പാണ്‌ ചെറിയതോതില്‍ കല്ലുകള്‍ വീഴാന്‍ തുടങ്ങിയത്‌. ആദ്യം രാത്രിയിലാണ് കല്ലുകള്‍ വീണിരുന്നത്‌. തുടര്‍ന്നുളള ദിവസങ്ങളിലും കല്ലുകള്‍ വീഴാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ വാഗമണ്‍ പോലീസില്‍ പരാതി നല്‍കി. രാത്രിയും പകലും ഒരുപോലെ കല്ലുകള്‍ വീഴുന്നത്‌ പതിവായതോടെ വീട്ടുകാര്‍ക്ക്‌ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി.രണ്ടുവീടുകളിലുമായി വയോധികര്‍ക്കുപുറമേ ആറ്‌ കുട്ടികളും ഉണ്ട്‌.

വീടുകള്‍ ഇരിക്കുന്ന ഭൂമിയുടെ ഒരുഭാഗം ഇടിയുകയും ഒരു വീടിന്റെ ചുവരുകള്‍ക്ക്‌ വിളളല്‍ സംഭവിക്കുകയും ചെയ്‌തു. ഭൂമിയുടെ ഉപരിതലത്തില്‍ ഉണ്ടാവുന്ന ഏതെങ്കിലും കാന്തിക പ്രതിഭാസമാകാം കല്ലുമഴക്കുകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് പഠിക്കാനാണ്‌ ഭൗമശാസ്‌ത്ര സംഘം സഥലം സന്ദര്‍ശിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →