ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ രണ്ടു ഡോസും പൂര്‍ത്തിയാക്കിയവരെയും ഡെല്‍റ്റ വരുമെന്ന് കണ്ടെത്തല്‍. കോവിഡ് വ്യാപനം രൂക്ഷമായ മിക്ക രാജ്യങ്ങളിലും ഡെല്‍റ്റയാണു വില്ലനെന്നു വൈറോളജിസ്റ്റുകളും കോവിഡ് വിദഗ്ധരും ഉള്‍പ്പെടുന്ന വിദഗ്ധ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇന്ത്യയിലാണ് ഈ വകഭേദം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അതിവേഗം ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു.
വെറസിന്റെ ഇതര വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടു ഡോസ് വാക്സിനെടുത്തവരെപ്പോലും കീഴടക്കാന്‍ ഡെല്‍റ്റയ്ക്കു ശേഷി കൂടുതലാണെന്നു പഠനത്തില്‍ കണ്ടെത്തി.ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയിലെ പുതിയ രോഗികളില്‍ 83 ശതമാനത്തെയും ബാധിച്ചിരിക്കുന്നത് ഡെല്‍റ്റ വകഭേദമാണ്. ഇവരില്‍ പലരും വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരാണ്.ബ്രിട്ടനില്‍ ഡെല്‍റ്റ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 3,692 പേരില്‍ 58.3 ശതമാനവും വാക്സിന് എടുക്കാത്തവരാണ്. 22.8 ശതമാനം പേര് വാക്സിനേഷന് പൂര്‍ത്തിയാക്കിയവരും. നിലവില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ മുക്കാലും വാക്സിനേഷന് എടുത്തവര്ക്കാണെന്ന് സിംഗപ്പുര്‍ അധികൃതര്‍ പറഞ്ഞു. 28 യൂറോപ്യന്‍ രാജ്യങ്ങളില്‍ പത്തൊന്പതിലെയും കോവിഡ് രോഗികളില്‍ അധികം പേരിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമാണുള്ളതെന്നായിരുന്നു കണ്ടെത്തല്‍.
വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്കും ഡെല്‍റ്റ വരുമെന്ന് വിദഗ്ധര്‍
