കാസർഗോഡ്: കോവിഡ്-19 രണ്ടാം വ്യാപനഘട്ടത്തിൽ കുട്ടികളുടെ മാനസിക ശാരീരിക വികാസത്തിന് പ്രത്യേക പരിഗണന നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഇ-കൂട്ടം ഓൺലൈൻ മൺസൂൺ ക്യാമ്പിന് തുടക്കമായി. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പുഷ്പ. കെ വി അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു സി.എ, പ്രൊട്ടക്ഷൻ ഓഫീസർ ഫൈസൽ എ.ജി എന്നിവർ സംസാരിച്ചു. നിർമ്മൽ കുമാർ കാടകം, ഷൈജിത്ത് കരുവാക്കോട്, ജിതേഷ് കമ്പല്ലൂർ, ഇർഫാദ് മായിപ്പാടി, ബാലചന്ദ്രൻ എരവിൽ, അഹമ്മദ് ഷെറിൻ, യതീഷ് ബല്ലാൽ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനാണ് ക്യാമ്പിന്റെ സംഘാടന ചുമതല. വനിതാ ശിശു വികസന വകുപ്പിന്റെയും യുനിസെഫിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികളുടെ മാനസികോല്ലാസത്തിനും വികാസത്തിനും സർഗ്ഗവസന്തം എന്ന ക്യാമ്പയിന്റെ ഭാഗമായി ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ മുഖാന്തിരം വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചുവരികയാണ്.
കുട്ടികളിലെ ക്രിയാത്മക കഴിവുകൾ ഉണർത്തുന്നതിനും മാനസികോല്ലാസത്തിനും ഉതകുന്ന ചിത്രരചന, കരകൗശലനിർമ്മാണം, വീഡിയോ ഡോക്യുമെന്ററി നിർമ്മാണം, നൃത്തമത്സരം, ആരോഗ്യ ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ചാലെഞ്ച് എ ഫാമിലി, ഹാഷ്ടാഗ് ക്യാമ്പയിൻ, ശാസ്ത്ര പരീക്ഷണങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രത്യേക പരിപാടികളും പുരോഗമിക്കുകയാണ്. ഈ പരിപാടികളുടെ ഭാഗമായാണ് ഇ കൂട്ടം ഓൺലൈൻ മൺസൂൺ ക്യാമ്പ് നടക്കുന്നത്.
മൂന്നു ദിവസത്തെ ഇ കൂട്ടം ഓൺലൈൻ മൺസൂൺ ക്യാമ്പിൽ സംസ്ഥാനതലത്തിൽ അയ്യായിരത്തോളം കുട്ടികൾ വിവിധ ബാച്ചുകളിലായി പങ്കെടുക്കും.