തൃശൂർ: തൃശൂരിലെ മറ്റ് രണ്ട് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കൂടി പുറത്ത്. കാരമുക്ക് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി 36 ലക്ഷത്തി 57000 രൂപയാണ് തട്ടിച്ചത്. 22 വായ്പാ ഇടപാടുകളിലായാണ് പണമെടുത്തത്. കണ്ടശ്ശാംകടവ് സ്വദേശി ടി ആർ ആന്റോ ആണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ ബ്രാഞ്ച് മാനേജരെ സസ്പെൻഡ് ചെയ്തു. തൃശൂരിൽ സിപിഎം ഭരിക്കുന്ന മൂസ്‌പെറ്റ് സഹകരണ ബാങ്കിൽ വ്യാപക വായ്പാ ക്രമക്കേട് നടന്നെന്ന അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ടും പുറത്ത് വന്നു. ഭൂമിയുടെ മതിപ്പ് വില കൂട്ടി കാണിച്ച് ഭരണ സമിതി അംഗങ്ങളാണ് തട്ടിപ്പ് നടത്തിയത്. പതിമൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എട്ട് മാസം മുമ്പാണ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ മൂസ് പെറ്റ് ബാങ്കിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്താണ് പല വായ്പകളും നൽകിയിരിക്കുന്നത്.
ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും അനധികൃതമായി വായ്പ തരപ്പെടുത്തി. ഭൂമി വില ഉയർത്തിക്കാട്ടി വായ്പ സ്വന്തമാക്കി. ഉദാഹരണത്തിന് സെസ്റ്റിന് 20,000 രൂപ മതിപ്പ് വിലയുള്ള ഭൂമിയ്ക്ക് 1 ലക്ഷം രൂപയുടെ മൂല്യം കാണിച്ചാണ് വായ്പ നൽകിയിരിക്കുന്നത്. ഒരേ ഭൂമിയുടെ ഈടിൽ രണ്ടും മൂന്നും വായ്പകൾ അനുവദിച്ചു. അത് തിരിച്ചടയ്ക്കാതെ കിട്ടാകടമായി. 38 ലക്ഷം രൂപ അറ്റാദായമുണ്ടായിരുന്ന ബാങ്ക് 13 കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതായി രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ക്രമക്കേടിനെ കുറിച്ച് സിപിഎം നിയോഗിച്ച അന്വേഷണ സംഘം റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.