കൊടകര കുഴൽപണം; 3.5 കോടി രൂപയില്‍ തനിക്ക് പങ്കില്ലെന്ന് പരാതിക്കാരനായ ധര്‍മരാജന്‍. കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന് രേഖകള്‍ ഇല്ലാത്തത് കൊണ്ടാണ് കോടതിയില്‍ ഹാജരാവാത്തത് എന്നും മൊഴി

തൃശ്ശൂർ: കൊടകര കുഴൽപണ സംഭവത്തില്‍ ഉള്‍പ്പെട്ട 3.5 കോടി രൂപയില്‍ തനിക്ക് പങ്കില്ലെന്ന് പരാതിക്കാരനായ ധര്‍മരാജന്‍. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് ധര്‍മരാജന്‍ മുൻ നിലപാടില്‍ മാറ്റം വരുത്തിയത്. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് പിന്നാലെ അന്വേഷണ സംഘം ശേഖരിച്ച മൊഴിയിലാണ് ധര്‍മരാജന്‍ പണം സംബന്ധിച്ച അവകാശവാദങ്ങളില്‍ നിന്നും പിന്നോട്ട് പോവുന്നത്.

പണം തന്റേതാണെന്നും തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമീപിച്ചത് പരപ്രേരണ മൂലമാണ്. കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടിയുടെ രേഖകള്‍ ഇല്ലാത്തത് കൊണ്ടാണ് കോടതിയില്‍ ഹാജരാവാത്തത് എന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കൊടകരയില്‍ വച്ച കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കൊണ്ടുവന്ന പണമാണ് എന്നും ധര്‍മരാജന്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഒരു പ്രമുഖ ന്യൂസ് ചാനൽ 25/07/21 ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടകര കേസില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തിന് ഒപ്പം ധര്‍മരാജന്റെ ഈ മൊഴിയും നല്‍കിയിരുന്നു. ധര്‍മരാജനും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ബന്ധം ഉള്‍പ്പെടെ വ്യക്തമാക്കുന്ന പരാമര്‍ശങ്ങളായിരുന്നു കുറ്റപത്രത്തില്‍ ഉള്ളത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ ധര്‍മ്മരാജന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ പോയിയിരുന്നു. കോന്നിയിലെ യാത്രയ്ക്കായി ധര്‍മ്മരാജന് ബിജെപി വാഹനം അനുവദിച്ചു. കോന്നിയില്‍ പോയത് പ്രദേശത്തെ ബിജെപി പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ നല്‍കാനായിരുന്നു എന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാലത്തും ബിജെപിക്കായി വന്‍ തോതില്‍ ഹവാലപണം കേരളത്തിലെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →