കൊച്ചിയിലിനി അനുസ്യൂത യാത്ര

കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. 

എറണാകുളം:  നഗരഗതാഗതരംഗത്ത് നാഴികക്കല്ലാകുന്ന സ്വപ്ന പദ്ധതി കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്കാണ് യാഥാർത്ഥ്യമായിരിക്കുന്നത് എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഓപ്പൺ കൊച്ചി നെറ്റ് വർക്ക്  വെബ്സൈറ്റും ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറും കൂടാതെ ടാക്സി ഡ്രൈവർമാർക്ക് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഓൺലൈൻ  സംവിധാനമായി യാത്രി മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ  ഉദ്ഘാടനം

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു  നിർവഹിച്ചു.  സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പൊതുഗതാഗത സംവിധാനത്തിന്  കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് മുതല്‍ക്കൂട്ടാക്കും. സർക്കാർ  ശാസ്ത്ര – വിവര സാങ്കേതിക വിദ്യകളുടെ സേവനം സാധാരണക്കാരന് വേണ്ടി പ്രയോജനപ്പെടുകയാണ്.  ലോകത്തിന് തന്നെ മാതൃകയായ പദ്ധതികളാണ് കൊച്ചി ഓപ്പൺ മൊബിലിറ്റി ഹബ്ബും യാത്രി ആപ്ലിക്കേനും എന്ന് മന്ത്രി പറഞ്ഞു.സമയ നഷ്ടമില്ലാതെയും ചൂഷണം ഇല്ലാതെയും യാത്ര ചെയ്യാനും വാഹന ലഭ്യതയുടെ കൃത്യമായ വിവരങ്ങൾ ജനങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ലഭ്യമാകും. ഇത്  പുതിയ യാത്രാനുഭവം ആകും കൊച്ചിക്കാർക്ക് സമ്മാനിക്കുക. 

കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ എസ് ആർ ടി സി, പ്രൈവറ്റ്, ടാക്സി, ഓട്ടോ സംവിധാനങ്ങൾക്ക് പരമാവധി സഹായം നൽകും. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കെ എസ് ആർ ടി സിയെ നവീകരിക്കാനുള്ള പ്രവർത്തങ്ങൾ ആരംഭിച്ചു. ഹരിത ഗതാഗതത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ 1000 കെ ആർ ടി സി ബസ്സുകൾ സിഎൻജി യിലേക്ക് മാറ്റും. ഇതിനൊപ്പം ജലഗതാഗതത്തിന് ഊന്നൽ നൽകി ജലഗതാഗതത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തും. കോവളം – കൊല്ലം ; കൊല്ലം – കോട്ടപ്പുറം ജലപാത നവീകരണം പുരോഗമിക്കുകയാണ്. സ്വപ്ന പദ്ധതിയായ  കോവളം – ബേക്കൽ ജലപാത യാഥാർത്ഥ്യമാക്കി വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. കൂടാതെ മുഴുവൻ പ്രധാന നഗരങ്ങളിലേക്കും ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  സമയബന്ധിതമായി പൊതുജനങ്ങൾക്ക് ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്കിന്റെ  

 സേവനം ലഭ്യമാക്കിയ നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിലുള്ള ടീമംഗങ്ങളെയും കെഎംടിഎയെയും മന്ത്രി അഭിനന്ദിച്ചു.

 വിവിധ ഓണ്‍ലൈന്‍ ഗതാഗത  സേവനങ്ങള്‍ ഏകീകൃത പ്ലാറ്റ് ഫോമില്‍  കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്കിൽ ലഭ്യമാകും. വിവിധ ഗതാഗത സേവന ദാതക്കളും പൊതു സ്വകാര്യ ഏജൻസികളും ഗതാഗത അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപെട്ടിരിക്കുന്ന സേവനദാതാക്കളും മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ സംവിധാനമാണിത്. 

 നഗരഗതാഗത സംവിധാനങ്ങളുടെ സമഗ്ര വികസനവും പരസ്പരബന്ധിത പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിനുമായി രാജ്യത്ത് ആദ്യമായി രൂപീകരിച്ച കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴിലാണ് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് യാഥാര്‍ത്ഥ്യമായത്. ഇതിലൂടെ ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് സംവിധാനത്തിലുള്ള  ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് നഗരപരിധിയിലെ എല്ലാ യാത്രാ സംവിധാനങ്ങള്‍ ഉപയോഗിക്കുവാനും ഡിജിറ്റല്‍ പണമിടപാടുകൾ നടത്താനും  സാധിക്കും. 

ബെക്കൻ ഫൗണ്ടേഷൻ, ജെസ്പെ ടെക്നോളജീസ്, നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് ഇന്ത്യ എന്നിവയാണ് കെഎംടിഎയുടെ കീഴിൽ സൗജന്യ സേവനം നൽകുന്നത്. ഇലക്ട്രിക് പോളിസിയുടെ ഭാഗമായി രണ്ട് ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ ഗതാഗതത്തിന്റെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രിഡുമായി സംയോജിച്ച് ഉപയോഗിക്കാവുന്ന ടിവിഎസ് ഐക്യൂബ് സ്കൂട്ടറും ചടങ്ങിൽ അവതരിപ്പിച്ചു. 

കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഒരു വർഷത്തെ കർമ്മ പദ്ധതി കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് കൈമാറി. 

എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിൽ  ടി.ജെ വിനോദ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങില്‍  കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍,  കെ.ജെ മാക്സി   എം.എല്‍.എ, കൗൺസിലർ സുധ ദിലീപ് കുമാര്‍,

കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വൈസ് ചെയര്‍പേഴ്സണ്‍ കെ.ആര്‍ ജ്യോതിലാല്‍, യുണീഖ് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ മുൻ ചെയർമാൻ നന്ദന്‍ നിലേകനി, ടി വി എസ് മോട്ടർ കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു, കെ എസ് ഇ ബി എൽ ചെയർമാൻ ഡോ. ബി അശോക്, കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സി.ഇ.ഒ അഫ്സാന പര്‍വീണ്‍,  എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →