പാടത്ത് മുങ്ങുന്ന കാറിൽ നിന്നും യാത്രക്കാരെ അദ്ഭുതകരമായി രക്ഷിച്ച് നാട്ടുകാർ

കോട്ടയം: വെള്ളം നിറഞ്ഞ പാടത്ത് വീണ് മുങ്ങിയ കാറില്‍ നിന്ന് മൂന്ന് വയസ്സുകാരിയുള്‍പ്പെടെ അഞ്ചു പേരെ നാട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന്‍ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ല് പൊട്ടിച്ച്‌ രക്ഷപ്പെടുത്തിയത്.

21/07/21 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഇടയാഴം- കല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണ് കാര്‍ മറിഞ്ഞത്. പത്തടി ആഴമുള്ള പാടത്ത് 5 അടിയോളം വെള്ളം നിറഞ്ഞിരുന്നു. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. വീതി കുറഞ്ഞ റോഡിലൂടെ സുബിനാണ് കാര്‍ ഓടിച്ചത്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന്‍ കാര്‍ വശത്തേക്ക് ഒതുക്കി. റോഡരികിലെ സ്റ്റേ വയറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട് കാര്‍ പാടത്തേക്കു മറിഞ്ഞു.

റോഡില്‍ നിന്നു 30 മീറ്റര്‍ അകലേക്ക് കാര്‍ നീങ്ങി. അപകടം കണ്ട് ടിപ്പര്‍ ലോറി നിര്‍ത്തി. പാടത്തു പെട്ടിയും പറയും സ്ഥാപിച്ചു കൊണ്ടിരുന്നവരും ടിപ്പർ ഡ്രൈവറും ചേർന്ന് നീന്തിയെത്തി കാര്‍ മുങ്ങാതെ പിടിച്ചുനിര്‍ത്തി. തുടർന്ന് കാറിന്റെ ചില്ല് ഇടിച്ചുപൊട്ടിച്ച്‌ യാത്രക്കാരെ പുറത്തിറക്കി.

Share
അഭിപ്രായം എഴുതാം