തൃശൂര്‍ : കുതിരാന്‍ തുരങ്കം തുറന്നുകൊടുക്കുന്നതിന് അഗ്നിശമന സേനയുടെ സുരക്ഷാ അനുമതി. തൃശൂര്‍ പാലക്കാട് ജില്ലകളിലെ ഫയര്‍ഫോഴ്‌സ് മേധാവികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനുമതി. ആദ്യഘട്ടത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ട ന്യൂനതകള്‍ പരിഹരിച്ചുകഴിഞ്ഞതായി ഫയര്‍ ഫോഴ്‌സ് മേധാവി അരുണ്‍ ഭാസ്‌ക്കര്‍ പറഞ്ഞു. ടണലില്‍ ഏതെങ്കിലും സാഹചര്യത്തില്‍ തീപിടുത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാല്‍ തീ അണക്കുന്നതിന് 21 ഫയര്‍ ഹഡ്രഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടണലിലൂടെ യാത്ര ചെയ്യുമ്പോള്‍ ഓക്‌സിജന്‍ കിട്ടാതെ വന്നാല്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഒഴിവാക്കുന്നതിന് 10 ജറ്റ്‌ഫാനുകള്‍ സ്ഥാപിച്ചു. രണ്ട് ലക്ഷം ലിറ്റര്‍ വെളളം സംഭരിക്കാവുന്ന ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ ഫയര്‍ഫോഴ്‌സ് എത്തും മുമ്പ് തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും.
കൂടാതെ ക്യാമറകളും മറ്റും പോലീസിന്റെ നേതൃത്വത്തില്‍ അടുത്ത ദിവസം സ്ഥാപിക്കും. ആഗസ്‌റ്റ് 1 ന് മുമ്പേ തുറക്കാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. ഈ മാസം 25നുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം . ടണലിന് മുമ്പില്‍ തൃശൂര്‍ ഭാഗത്തെ റോഡിന്റെ ടാറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ടണലിലേക്കുളള വൈദ്യുതി കണക്ഷന്‍ അടുത്ത ദിസം ലഭിക്കും. പണി പൂര്‍ത്തിയായി മന്ത്രിതല സംഘം അവസാന വട്ട പരിശോധന നടത്തിയ ശേഷമായിരിക്കും തുറന്നുകൊടുക്കുന്ന തീയതി നിശ്ചയിക്കുക. ദേശീയ പതാ അധികൃതരും പരിശോധന നടത്തും.

