തൊടുപുഴ : ജലാശയങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉദ്പ്പാദിപ്പിക്കാനുളള കെഎസ്ഇബിയുടെ പദ്ധതിക്ക് വനം വകുപ്പിന്റെ എതിര്‍പ്പ്. പരിസ്ഥിതിക്ക് ആഘാതം ആകാത്തതെന്ന നിലയിലാണ് ഏഴുവര്‍ഷം മുമ്പ് കെഎസ്ഇബി ഇത്തരത്തില്‍ ഒരു പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതിക്കായി ഒരുക്കുന്ന അനുബന്ധ സംവിധാനങ്ങള്‍ പരിസ്ഥിതിയെയും വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് വനം വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
കെഎസ്ഇബിയുടെ കീഴിലുളള ചെറുകിട ഡാമുകളില്‍ ജലനിരപ്പില്‍ പൊങ്ങിക്കിടക്കുന്ന സൗര പാനലുകള്‍ സ്ഥാപിച്ച് സൂര്യ പ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉദ്പ്പാദിപ്പിക്കുന്നതാണ് പദ്ധതി. വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്ന് 100 മെഗാവാട്ടും ഇടുക്കി ജില്ലയിലെ അഞ്ചുരുളി ,ചെറുതോണി ജലാശയങ്ങളില്‍ നിന്ന് 125 മെഗാവാട്ടും വൈദ്യുതി ഉദ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ടെന്‍ഡര്‍വഴി തെരഞ്ഞെടുക്കുന്ന ഏജന്‍സികള്‍ ഈ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത നിരക്കില്‍ കെഎസ്ഇബി വാങ്ങും .പരീക്ഷണാടിസ്ഥാനത്തില്‍ ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്ന് ഒമ്പത്കോടിരൂപ ചെലവില്‍ 500 കിലോവാട്ടിന്റെ പദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്ത് ഇത്തരത്തിലുളള ആദ്യത്തെ പദ്ധതിയായിരുന്നു ഇത്. എന്നാല്‍ ഇവിടെ പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കുന്നതിന് പിന്നീട് സാധ്യതാപഠനം നടന്നില്ല.
ചെറുതോണി ,അഞ്ചുരുളി ജലാശയങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിന് വനംവകുപ്പ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പദ്ധതിയുടെ ഭാഗമായി സബ്സ്റ്റേഷനുകളും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്നത് വനമേഖലയേയും ആനത്താരകളെയും ദോഷകരമായി സ്ഥാപിക്കുമെന്നാണ് വനംവകുപ്പിന്റെ വാദം. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വനം വൈദ്യുതി മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അടുത്തിടെ ഉന്നത തലയോഗം ചേര്‍ന്നെങ്കിലും തീരുമാനമായില്ല.
കെഎസ്ഇബിക്കുപുറമെ ജല,സേചന വകുപ്പിന് കീഴിലുളള ജലാശയങ്ങളിലും പദ്ധതി നടപ്പിലാക്കാനുളള സാധ്യത പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ജലസേചന വകുപ്പിന് കെഎസ്ഇബി കത്ത് നല്‍കിയിരുന്നു. കോടികള്‍ മുടക്കി ജലാശയങ്ങളില്‍ നിന്ന് സൗരപാനലുകള്‍ വഴി വൈദ്യുതി ഉദ്പ്പാദിപ്പിച്ചാലും തിരക്കേറിയ സമയങ്ങളിലെ കേരളത്തിന്റെ ആവശ്യത്തിന് തികയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

