തൃശ്ശൂർ: നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെട്ട് എരുമപ്പെട്ടി ജി എച്ച് എസ് എസ്

തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഇടംപിടിച്ച് എരുമപ്പെട്ടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍. നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ് പുതിയ സ്‌കൂള്‍ കെട്ടിടം. സര്‍വ്വശിക്ഷാ അഭിയന്‍ കേരള ഫണ്ട് ഉപയോഗിച്ച് നാല് ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

പുതിയ ക്ലാസ് മുറികള്‍ നിര്‍മിക്കാന്‍ 2020 നവംബറിലാണ് എസ് എസ് കെ 50 ലക്ഷം രൂപ ഫണ്ട് അനുവദിക്കുന്നത്. തുടര്‍ന്ന് 4500 ചതുരശ്ര അടിയില്‍ നാല് ക്ലാസ് മുറികളും മൂന്ന് മീറ്റര്‍ വീതിയുള്ള കോണിപ്പടികളോട് കൂടിയ കെട്ടിടം 2021 മാര്‍ച്ച് 15ന് പൂര്‍ത്തിയായി. മൂന്ന് നില വരെ പിന്തുണയ്ക്കാന്‍ സാധിക്കുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ അടിത്തറ പണിതിരിക്കുന്നത്. 

1909- ല്‍ അന്നത്തെ കൊച്ചി ഗവണ്മെന്റ് എരുമപ്പെട്ടിയില്‍ ഒരു ഇംഗ്ലീഷ് പ്രൈമറി സ്‌കൂളായി തുടങ്ങിയതാണ് എരുമപ്പെട്ടി ജി എച്ച് എസ് എസ്.  അക്കാലത്ത് ശിശു ക്ലാസ്, ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നിങ്ങനെയുണ്ടായിരുന്ന ക്ലാസുകള്‍ ഒരുമിച്ചു ചേര്‍ത്താണ് സ്‌കൂള്‍ ആരംഭിച്ചത്. 1911ല്‍ സ്‌കൂളിനെ എ വി പി സ്‌കൂളാക്കി മാറ്റി. 1935ല്‍ ലോവര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ത്തി. 1946ല്‍ ശ്രീനാരായണയ്യരുടെ നേതൃത്വത്തില്‍ നാലാം ഫോറം ആരംഭിച്ചതോടെ ഹൈസ്‌കൂളായി മാറി. 1961ല്‍ എല്‍ പി, ഹൈസ്‌കൂള്‍ എന്നിങ്ങനെ വിഭജിച്ചു. 2000ല്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു.

എസ് എസ് എ, ആര്‍ എം എസ് എ, ജില്ലാ പഞ്ചായത്ത്, എംഎല്‍എ, എംപി ഫണ്ടുകള്‍, സ്‌കൂള്‍ വികസനഫണ്ട് എന്നിവ ഉപയോഗിച്ചാണ് സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. എന്‍ സി സിയ്ക്ക് പുറമേ, ബ്ലൂ ആര്‍മി, എസ് പി സി, ബാന്റ് ഗ്രൂപ്പ് എന്നിവയും സജീവമായി പ്രവര്‍ത്തിക്കുന്നു. ഹൈസ്‌കൂളിനും ഹയര്‍സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. സ്‌കൂള്‍ പി ടി എ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍ ധനകാര്യ സെക്രട്ടറി പ്രൊഫ എന്‍ കെ ശേഷന്‍, സി എസ് വെങ്കിടീശ്വരന്‍ എന്നിവര്‍ ഈ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →