പത്തനംതിട്ട: ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യം കണക്കിലെടുത്ത് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നിയമനടപടികളും പോലീസ് കൈക്കൊള്ളും. ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയ അതിക്രമങ്ങള്‍ തടയാന്‍ പോലീസിലെ വിവിധ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനം, സൈബര്‍ ലോകത്തെ അതിക്രമങ്ങള്‍, പൊതുഇടങ്ങളിലെ അപമാനിക്കല്‍ തുടങ്ങി സ്ത്രീകള്‍ വിവിധ മേഖലകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി തുടരും.
ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിക്കും. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ കോളജ് പരിസരങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഈ ഇടങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടാവാതിരിക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.