തൃശ്ശൂർ: വ്യവസായ സംരംഭകരുടെയും പുതിയ വ്യവസായസംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവരുടെയും പ്രശ്‌നങ്ങളും പരാതികളും നേരിട്ട് കേൾക്കുന്നതിന് ജില്ലയിൽ വ്യവസായവകുപ്പ് മന്ത്രി പി രാജീവുമായുള്ള സംവാദം ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസ്സങ്ങളും സംരംഭകർക്ക് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം. ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ മന്ത്രിയോടൊപ്പം ഉണ്ടായിരിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിയെ കാണേണ്ട സമയം അപേക്ഷകരെ മുൻകൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് അറിയിക്കും. സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി സംരംഭങ്ങൾ യാഥാർഥ്യമാക്കാനുള്ള അവസരമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പരിപാടി സംഘടിപ്പിക്കുന്ന സ്ഥലവും സമയവും പിന്നീട് അറിയിക്കും. പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായനടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം.
പരാതികളും പ്രശ്‌നങ്ങളും ശ്രദ്ധയിൽപ്പെടുത്താൻ ജില്ലാ വ്യവസായകേന്ദ്രത്തിൽ നേരിട്ടോ meettheminister@gmail.com, gm.tsr.dic@kerala.gov.in എന്നീ ഇമെയിലുകൾ വഴിയോ മുൻകൂട്ടി അപേക്ഷ നൽകണം. അപേക്ഷയ്ക്കൊപ്പം പൂർണമായ വിലാസവും മൊബൈൽ നമ്പറും വ്യക്തമായി സൂചിപ്പിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 0487-2361945, 0487-2360847 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജനറൽ മാനേജർ അറിയിച്ചു.