ന്യൂഡല്‍ഹി: വാക്‌സിനേഷന്‍ ലഭിച്ചശേഷവും കോവിഡ് ബാധിതരായ ഇന്ത്യക്കാരില്‍ 80% പേരിലും കണ്ടുവരുന്നത് ഡെല്‍റ്റ വേരിയന്റാണെന്ന് ഐ സി എം ആര്‍ പഠനം. ഇന്‍ഡ്യയില്‍ ഒന്നോ രണ്ടോ ഡോസ് വാക്‌സിനേഷന് ശേഷം കോവിഡ് ബാധിതരായവരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ഡെല്‍റ്റ വകഭേദമാണെന്ന് പഠനം കാണിക്കുന്നു.
കുത്തിവെപ്പ് എടുത്തവരില്‍ മരണനിരക്ക് വളരെ കുറവാണെന്നും പഠനം കണ്ടെത്തി. വാക്‌സിനേഷന് വിധേയരായ ആളുകളില്‍ മൂന്ന് പേരാണ് മരണത്തിന് കീഴടങ്ങിയത്. ബ്രേക്ത്രൂ രോഗബാധയുണ്ടായ 86.09 ശതമാനം ആളുകളെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചത്. ഇതില്‍ 9.8 ശതമാനം പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണനിരക്ക് 0.4 ശതമാനം മാത്രമാണ്. വാക്‌സിനേഷന്‍ ആശുപത്രിവാസവും മരണനിരക്കും ഗണ്യമായി കുറക്കുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്.
പഠനവിധേയമാക്കിയവരില്‍ 482 കേസുകളില്‍ (71 ശതമാനം) രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. 29 ശതമാനം ആളുകള്‍ക്ക് മാത്രമാണ് രോഗലക്ഷണം ഇല്ലാതിരുന്നത്. പനിയാണ് (69 ശതമാനം) ഏറ്റവും കൂടുതലായി കണ്ടുവന്ന രോഗലക്ഷണം. തലവേദന, ഓക്കാനം (56%), ചുമ (45%), തൊണ്ടവേദന (37%), മണവും രുചിയും നഷ്ടപ്പെടുക (22%), വയറിളക്കം (6%), ശ്വസനത്തില്‍ ബുദ്ധിമുട്ട് (6%) എന്നീ ക്രമത്തില്‍ മറ്റ് ലക്ഷണങ്ങളും കണ്ടുവരുന്നു.
677 ആളുകളെ ഉള്‍പെടുത്തിയാണ് പഠന റിപോര്‍ട് തയാറാക്കിയത്. ഇതില്‍ 71 പേരാണ് കോവാക്‌സിന്‍ സ്വീകരിച്ചത്. 604 ആളുകള്‍ കോവിഷീല്‍ഡ് ആണ് സ്വീകരിച്ചത്. രണ്ടുപേര്‍ ചൈനയുടെ സിനോഫാം വാക്‌സിനെടുത്തവരാണ്.
വാക്‌സിനെടുത്തവരില്‍ ഡെല്‍റ്റ വകഭേദത്തോടൊപ്പം കാപ്പ വകഭേദവും കണ്ടുവരുന്നുണ്ട്. വാക്‌സിനേഷന് ശേഷം കോവിഡ് ബാധിതരെ വെച്ച് നടത്തുന്ന അത്തരത്തിലുള്ള ആദ്യ പഠനമാണിത്.

