സ്‌റ്റാര്‍ട്ടപ്പ്‌ സംരംഭകരുടെ സംഘടനാ തലപ്പത്തേക്ക്‌ സിജോ കുരുവിള ജോര്‍ജ്‌

സ്റ്റാര്‍ട്ടപ്പ്‌ സംഘടനയായ അലയന്‍സ്‌ ഓഫ്‌ ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷന്‍(എഡിഐഎഫ്‌) തലപ്പത്തേക്ക്‌ സിജോ കുരുവിള ജോര്‍ജ്‌. എഡിഐഎഫിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറായി സിജോ ചുമതലയേറ്റു. സ്‌റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ സ്ഥാപക സിഇഒയും റീതിങ്ക്‌ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സിജോ കൈവരിച്ച നേട്ടം കേരളത്തിന്റെ സ്‌റ്റാര്‍ട്ടപ്പ്‌ മേഖലയുടെ വളര്‍ച്ചക്കും ഗുണകരമാവും.

ഐടി മേഖലയിലെ സംഘടനയായ നാസ്‌കോമിന്‌ സമാനമായി രാജ്യം മുഴുവനുമായുളള സ്‌റ്റാര്‍ട്ടപ്പ്‌ സംരംഭകര്‍ ചേര്‍ന്ന്‌ രൂപീകരിച്ച സംഘടനയാണ്‌ എഡിഐഎഫ്‌ .ഇന്ത്യന്‍ സറ്റാര്‍ട്ടപ്പുകളുടെ മുന്നോട്ടുളള കുതിപ്പിന്‌ ഇന്ധനമാവുകയെന്ന ലക്ഷ്യത്തോടെയാണ്‌ രാജ്യത്തെ മുന്‍പന്തിയിലുളള സ്റ്റാര്‍ട്ടപ്പുകളുടെ മേധാവികള്‍ ചേര്‍ന്ന്‌ സംഘടന രൂപീകരിച്ചത്‌.

ഒരു ബില്ല്യണും അതിനടുത്തും വിറ്റുവരവുളള സ്റ്റാര്‍ട്ടപ്പ്‌ കമ്പനികള്‍(യൂണിക്കോണ്‍സ്‌, സൂണിക്കോണ്‍സ്‌ ) ഇതില്‍ അംഗങ്ങളാണ്‌. ആറുമാസം മുമ്പ്‌ രൂപീകരിച്ച ഈ സംഘടനയുടെ ആദ്യ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ സ്ഥാനത്തേക്കാണ്‌ സിജോ കുരുവിളയെ പരിഗണിച്ചത്‌ എന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ്‌ ഇക്കോസിസ്‌റ്റത്തെ ലോകത്തെ മികച്ച മൂന്നു സ്‌റ്റാര്‍ട്ടപ്പ്‌ ഇക്കോസിസ്‌റ്റത്തില്‍ ഒന്നാക്കി മാറ്റുകയെന്നതാണ്‌ സിജോയ്‌ക്ക്‌ മുന്നിലുളള ദൗത്യം. വിപണിയുടെ മൂല്യം വച്ചുനോക്കിയാല്‍ ഇന്ത്യന്‍ സ്‌റ്റാര്‍ട്ടപ്പ്‌ രംഗം മൂന്നാമതാണെങ്കിലും സറ്റാര്‍ട്ട്‌പ്പ്‌ ഇക്കോസിസറ്റം റാങ്കിംഗില്‍ ഏറെ പിന്നിലാണ്‌. സറ്റാര്‍ട്ടപ്പ്‌ നയരൂപീകരണത്തില്‍ സര്‍ക്കാരിനെ സഹായിക്കുക വഴി എഡിഐഎഫിനെ സ്റ്റാര്‍ട്ടപ്പ്‌ ഇന്‍ഡസ്‌ട്രിക്കും സര്‍ക്കാരിനും ഇടയിലുളള ചാലക ശക്തിയാകുകയാണ്‌ മറ്റൊരു ലക്ഷ്യം. ഇതോടൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ക്കും വഴികാട്ടിയാകേണ്ടതുണ്ട്‌. സാങ്കേതിക രംഗം സംബന്ധിച്ച സര്‍ക്കാരിന്‍റെ നയങ്ങള്‍ , കോടതി വിധികള്‍, എന്നിവയെക്കുറിച്ച സ്‌റ്റാര്‍ട്ടപ്പ്‌ കമ്പനികളെ ബോധവല്‍ക്കരിക്കുകയും അവരുടെ ആശങ്കകള്‍ നിയമ മുഖത്തെത്തിക്കുകയും ചെയ്യുകയെന്നതും എഡിഐഎഫിന്റെ ദൗത്യമാണെന്ന്‌ സിജോ കുരുവിള പറയുന്നു.

കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടയുളള യുവാക്കളില്‍ നിന്ന്‌ ശാസ്‌ത്ര സാങ്കേതിക രംഗത്തെ സംരംഭകരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച രാജ്യത്തെ ആദ്യ ടെലികോം ഇന്‍ക്യുബേറ്ററായ സ്‌റ്റാര്‍ട്ടപ്പ്‌ വില്ലേജിനെ മൂന്നുവര്‍ഷം മുന്നില്‍ നിന്ന്‌ നയിച്ചത്‌ സിജോ കുരുവിളയായിരുന്നു. യുഎസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ ഇന്റര്‍ നാഷണല്‍ വിസിറ്റേഴ്‌സ്‌ ലീഡര്‍ഷിപ്പ്‌ പ്രോഗ്രാമടക്കമുളള രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയ സിജോ രാജ്യത്തെ ഒട്ടനവധി മികച്ച സ്‌റ്റാര്‍ട്ടപ്പ്‌ ഫ്‌ളാഗ്‌ഷിപ്പ്‌ പ്രോഗ്രാമുകളുടെ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചുവരുന്നു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ്‌ രംഗത്തെ തുടക്കം മുതല്‍ അടുത്ത റിഞ്ഞ വിരലിലെണ്ണാവുന്ന വ്യക്തികളിലൊരാളാണ്‌ സിജോകുരുവിള. കേന്ദ്രസര്‍ക്കാരിന്റെ ശാസ്‌ത്ര സാങ്കേതിക നയരൂപീകരണത്തിനുളള വിദഗ്‌ദ സമിതി അംഗമായ സിജോകുരുവിള സ്‌റ്റാര്‍ട്ടപ്പ്‌ മേഖലയിലെ അവസരങ്ങളും സാങ്കേതിക നയങ്ങളും സംബന്ധിച്ച്‌ സംരംഭകര്‍ക്ക്‌ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്ന റീ തിങ്ക്‌ ഫൗമ്‌ടേഷന്റെ സ്ഥാപകന്‍ കൂടിയാണ്‌.

സ്റ്റാര്‍ട്ടപ്പ്‌ മേഖലയിലെ പ്രമുഖരുടെയും യൂണിക്കോണ്‍, സൂണിക്കോണ്‍ കമ്പനി സ്ഥാപകരുടെയും അഭിപ്രായങ്ങള്‍തേടി ,അവരുടെ കാഴ്‌ചപ്പാടുകള്‍ കോര്‍ത്തിണക്കി ഭാവിയിലേക്കുളള ഒരു സംയുക്ത റോഡ്‌ മാപ്പ്‌ രൂപപ്പെടുത്തുകയാണ്‌ ആദ്യ ലക്ഷ്യമെന്ന്‌ ചുമതലയേറ്റശേഷം സിജോ കുരുവിള പറഞ്ഞു. ഇതുവഴി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്‌ ഇക്കോസിസ്‌റ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാകും. ഇതുതന്നെയാണ്‌ എഡിഐഎഫിന്‌ ചെയ്യാനാവുന്ന ആദ്യത്തെ പ്രധാന കാര്യമെന്നും സിജോ പറഞ്ഞു. സ്‌റ്റാര്‍ട്ടപ്പ്‌ മേഖല സമ്പദ്‌ വ്യവസ്ഥയില്‍ കൊണ്ടുവന്നിരിക്കുന്ന നേട്ടങ്ങളും അവ സമ്പദ്‌ വ്യവസ്ഥയിലുണ്ടാക്കിയിരിക്കുന്ന പ്രതിഫലനവും ധനകാര്യ വിദഗ്‌ദരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുളള ശ്രമണുണ്ടാകുമെന്നും സിജോ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം