ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ കെ എം മാണിക്കെതിരായ പരാമര്‍ശങ്ങള്‍ തിരുത്തി സര്‍ക്കാര്‍. കെ എം മാണി അഴിമതിക്കാരനാണെന്ന മുന്‍ പരാമര്‍ശം തിരുത്തി പകരം യുഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിലായിരുന്നു പ്രതിഷേധമെന്ന് 15/07/21 വ്യാഴാഴ്ച സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
അവസാനമായി കേസില്‍ വാദം കേട്ടപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മാണിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ചുവടുമാറ്റം.
മുന്‍പ് കേസ് റദ്ദാക്കണമെന്ന് ഹര്‍ജി സംബന്ധിച്ച വാദത്തിനിടെയാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസ്റ്റര്‍ ജനറലുമായിരുന്ന രഞ്ജിത്ത് കുമാര്‍ കെ എം മാണിയ്ക്കെതിരെ നിലപാട് എടുത്തത്. എംഎല്‍എമാര്‍ കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയത് അദ്ദേഹം അഴിമതിക്കാരന്‍ ആയതിനാലാണെന്നും ഈ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.