വ്യാപാരികൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം; ഇത് കേരളമാണ് അങ്ങനെയാരും വിരട്ടാൻ നോക്കണ്ടെന്ന് വി ഡി സതീശൻ

പറവൂർ: വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സമീപനം ഇതാണെങ്കിൽ വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം 14/07/21 ബുധനാഴ്ച അറിയിച്ചു.

കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് വർഷമായതു കൊണ്ടു തന്നെ ലോക് ഡൗണിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയ സർക്കാർ ഇത്തവണ ഒന്നും നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പറവൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

നിരവധി വീടുകളിൽ ജപ്തി നോട്ടീസ് ലഭിച്ചിട്ടും സർക്കാർ യാതൊരു നടപടിയും എടുത്തിട്ടില്ല. ഈ അവസ്ഥയിൽ കട പോലും തുറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോഴുള്ള വ്യാപാരികളുടെ സ്വാഭാവിക പ്രതിഷേധമാണ് ഇപ്പോൾ കാണുന്നത്. ലോക് ഡൗൺ തുടരുന്നതിൽ സർക്കാരിലെ തന്നെ വിദഗ്ധർക്ക് രണ്ട് അഭിപ്രായമാണ്. കട തുറക്കുന്നതിലെ നിയന്ത്രണങ്ങളിലെ ശാസ്ത്രീയ എന്താണെന്നും അദ്ദേഹം ചോദിച്ചു.
തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പക്ഷേ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ അനുസരിച്ച് തിരക്ക് കൂടുകയാണ് ചെയ്യുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കേരളത്തിലെ കടകളിൽ വലിയ ആൾക്കൂട്ടമാണ്. ഇതിനെതിരേയാണ് വ്യാപാരികൾ പരാതി കൊടുത്തത്. കടക്കെണിയിൽ പെട്ട മനുഷ്യർ പ്രതികരിക്കുമ്പോൾ മുഖ്യമന്ത്രി അവരെ വിരട്ടുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു.

” ഇത് കേരളമാണ് അങ്ങനെയാരും വിരട്ടാൻ നോക്കണ്ട, അങ്ങനെ പേടിപ്പിച്ചിട്ട് ഇവിടെ ഭരിക്കാമെന്ന് ആരും വിചാരിക്കണ്ട. ആ രീതി മുഖ്യമന്ത്രി കൈവിടണം, അത് മുഖ്യമന്ത്രിയുടെ പഴയ രീതിയാണ് അത് ഇവിടെ എടുക്കേണ്ട. അത് പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ എടുക്കേണ്ട രീതിയാണ്. മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് സമരം ചെയ്യുന്നവരെ വിരട്ടി അത് ചെയ്തു കളയും ഇത് ചെയ്തുകളയും എന്നൊന്നും പേടിപ്പിക്കണ്ട ഞങ്ങളവർക്ക് പിന്തുണ കൊടുക്കും”- അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →