രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്; കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രണ്ട് മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും ഓണ തിരക്ക് ആരംഭിക്കുമെന്നും അതിനാല്‍ എപ്പോള്‍ വേണമെങ്കിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറായിരിക്കണമെന്നും മുഖ്യമന്ത്രി 13/07/21 ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കടകള്‍ പൂര്‍ണമായും തുറക്കാന്‍ നിലവിലെ സാഹചര്യത്തില്‍ അനുവദിക്കില്ല. രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

വ്യാപാരികളുടെ വികാരം മനസിലാക്കുന്നുവെന്നും എന്നാല്‍ ഈ അവസരത്തില്‍ അത് നടത്താന്‍ സാധിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. വേറെ നിലയില്‍ മുന്നോട്ട് പോയാല്‍ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാപാരികള്‍ 14/07/21 ബുധനാഴ്ച സ്വന്തം നിലയില്‍ കടകള്‍ തുറക്കാനിരിക്കെയാണ് മുഖ്യമന്ത്രി മറുപടിയുമായെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എ,ബി,സി എന്നീ വിഭാഗങ്ങളാക്കിക്കൊണ്ടാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. അതേനില ഒരാഴ്ചകൂടി തുടരാനാണ് നീക്കം.

എ,ബി,സി വിഭാഗങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ള കടകള്‍ക്ക് രാത്രി എട്ടുമണിവരെ പ്രവര്‍ത്തിക്കാം. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കും.

ഇലക്ട്രോണിക്‌സ് കടകള്‍ കൂടുതല്‍ ദിവസം തുറക്കാന്‍ തീരുമാനിക്കും. വ്യാപനം കൂടുന്ന പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Share
അഭിപ്രായം എഴുതാം