പത്തനംതിട്ട: 2021-22 വര്‍ഷം പത്തനംതിട്ട ജില്ലയില്‍ 6000 കോടി രൂപ വായ്പയായി നല്‍കാന്‍ ബാങ്കുകളുടെ നേതൃത്വത്തില്‍ തീരുമാനമായി. ജില്ലയിലെ ബാങ്കുകളുടേയും വിവിധ വകുപ്പ് മേല്‍ അധ്യക്ഷന്മാരുടെയും നേതൃത്വത്തില്‍ നടന്ന ബാങ്കിംഗ് അവലോകന യോഗത്തിലാണ് തീരുമാനം.
2020-21 കാലഘട്ടത്തില്‍ മുന്‍ഗണനാ മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആകെ 280 കോടി രൂപ അധികം നല്‍കി. 4243 കോടി രൂപ കാര്‍ഷിക, വ്യവസായിക, വ്യാപാര, ഭവന മേഖലയില്‍ വായ്പ നല്‍കാന്‍ കഴിഞ്ഞു. 2020-21 വര്‍ഷം ആകെ വായ്പ 5330 കോടി രൂപ നല്‍കി. കൃഷി വായ്പ ബഡ്ജറ്റ് തുകയായ 2827 കോടി നല്‍കാന്‍ കഴിഞ്ഞു. വ്യവസായ കച്ചവട വായ്പ 884 കോടിയും നല്‍കി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുന്‍ഗണന വായ്പയുടെ തുക 5600 കോടി നിന്നും 400 കോടികൂടി വരും വര്‍ഷത്തേക്ക് നല്‍കാന്‍ തീരുമാനമായി. ബാങ്കുകളുടെ നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3800 കോടി ഉയര്‍ന്ന് 52667 കോടിയില്‍ എത്തി. വിദേശ നിക്ഷേപം 2600 കോടി ഉയര്‍ന്ന് 26402 കോടിയായി. എസ്.ബി.ഐ 867 കോടി നല്‍കി മുന്‍ഗണന വായ്പ 67 ശതമാനം നല്‍കി. പൊതുമേഖല ബാങ്കുകള്‍ 52 ശതമാനവും സ്വകാര്യമേഖലാ ബാങ്കുകള്‍ 111 ശതമാനവും ഗ്രാമീണ മേഖലാ ബാങ്കുകള്‍ 163 ശതമാനവും കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ 44 ശതമാനവും വായ്പ നല്‍കി. ആകെ ജില്ലയില്‍ 76 ശതമാനം വായ്പകളാണ് നല്‍കിയത്. അടുത്ത വര്‍ഷവും കൂടുതല്‍ ലോണ്‍ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ആര്‍.ആര്‍ ഡപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി, ആര്‍.ബി.ഐ എല്‍.ഡി.ഒ എ.കെ. കാര്‍ത്തിക്, നബാഡ് ഡി.ഡി.എം റെജി വര്‍ഗീസ്, എല്‍.ഡി.എം സിറിയക്ക് തോമസ്, എസ്.ബി.ഐ പത്തനംതിട്ട റീജണല്‍ മാനേജര്‍ സി.ഉമേഷ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.