* സർക്കാർ സ്വീകരിക്കുന്നത് സുപ്രധാന വ്യവസായ
നിക്ഷേപാനുകൂല നടപടികൾ
തിരുവനന്തപുരം: കാലഹരണപ്പെട്ടതും വസ്തുതകൾക്ക് മുന്നിൽ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പറഞ്ഞു പഴകിയ ഈ വാദം ഇപ്പോഴും ഉയർത്തുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് കേരളം. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള നടപടികളാണ് നാം സ്വീകരിച്ചുപോന്നത്. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണ്. 75 സ്‌കോർ നേടിയാണ് നമ്മുടെ സംസ്ഥാനം ഒന്നാമതെത്തിയത്. സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്.
നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷൻ സൂചികയിൽ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങൾ എന്ന വിഭാഗത്തിൽ നാലാം സ്ഥാനവും കേരളത്തിന് കൈവരിക്കാനായി. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക്സ് റിസർച്ചിന്റെ 2018 ലെ നിക്ഷേപ സാധ്യത സൂചികയിൽ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴിൽ, രാഷ്ട്രീയ സ്ഥിരത, ബിസിനസ് അവബോധം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണിത്.
ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 2016 മുതൽ സുപ്രധാനമായ വ്യവസായ നിക്ഷേപാനുകൂല നടപടികൾ സ്വീകരിക്കുകയുണ്ടായി. വ്യവസായ തർക്ക പരിഹാരത്തിനായി സ്റ്റാറ്റിയൂട്ടറി സ്വഭാവത്തോടെ ജില്ലാതല സമിതികൾ ഏർപ്പെടുത്താൻ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിച്ചു. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സോഫ്റ്റ് വെയർ അധിഷ്ഠിത പരാതി രഹിത സംവിധാനമുണ്ടാക്കും. നിലവിലുള്ള ത്രിതല സംവിധാനത്തിന് പുറമേ സംസ്ഥാനത്തെ എല്ലാ വ്യവസായ പാർക്കുകളിലും സംരംഭകർക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിന് ഏകജാലക ബോർഡുകൾ രൂപീകരിക്കുകയാണ്. എംഎസ്എംഇ കൾക്ക് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് 1416 കോടി രൂപയുടെ സഹായ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ്. കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയ ഡിസംബറിൽ പൂർത്തിയാക്കും.
നിയമങ്ങളിൽ മാറ്റം വരുത്തിയും നടപടികൾ ലളിതമാക്കിയും നിക്ഷേപകർക്കും സംരംഭകർക്കും അനുകൂല സാഹചര്യം സൃഷ്ടിക്കാൻ ഒട്ടേറെ നടപടികളാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്.
വ്യവസായ നിക്ഷേപത്തിനുള്ള നടപടികൾ ലളിതമാക്കാൻ ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത് കേരള ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ആക്ട് 2018 നടപ്പാക്കി. നിക്ഷേപത്തിനുള്ള ലൈസൻസും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കേരള സിംഗിൾ വിൻഡോ ഇൻറർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസ് (കെ സ്വിഫ്റ്റ്) എന്ന പേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം ആവിഷ്‌കരിച്ചു. മുപ്പതോളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷാഫോറം ഇതിന്റെ ഭാഗമായി തയ്യാറാക്കി. 30 ദിവസത്തിനകം അപേക്ഷകളിൽ തീരുമാനം ഇല്ലെങ്കിൽ കല്പിത അനുമതി ലഭിച്ചതായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്തു. മുൻകൂർ അനുമതിയില്ലാതെ എം.എസ്.എം.ഇ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ നിയമം പാസാക്കി. ഒരു സാക്ഷ്യപത്രം മാത്രം നൽകി വ്യവസായം തുടങ്ങാം. മൂന്നുവർഷം കഴിഞ്ഞ് ആറു മാസത്തിനകം ലൈസൻസും അനുമതികളും നേടിയാൽ മതി. ഈ സ്ഥിതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം 70,946 ചെറുകിട വ്യവസായ യൂണിറ്റുകൾ പുതുതായി ആരംഭിച്ചു. 6612 കോടി രൂപയുടെ നിക്ഷേപമെത്തി. 2 ലക്ഷം യൂണിറ്റുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു.
നൂറുകോടി രൂപ വരെ മുതൽമുടക്കുള്ള . വ്യവസായങ്ങൾക്ക് ഒരാഴ്ചയ്ക്കകം അനുമതി നൽകാൻ നിയമഭേദഗതി കൊണ്ടുവന്നു. നിക്ഷേപകർ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ ഒരാഴ്ചക്കകം ആവശ്യമായ അംഗീകാരം നൽകും. കെ സ്വിഫ്റ്റ് വഴി അപേക്ഷ നൽകാം. എം എസ് എം ഇ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകളിൽ നടപടികൾ വേഗത്തിലാക്കാൻ കെ എസ് ഐ ഡി സി എംഡി കൺവീനറായി നിക്ഷേപം സുഗമമാക്കൽ ബ്യൂറോ രൂപീകരിച്ചു. സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകാനുള്ള ടോൾ ഫ്രീ സൗകര്യം, സംരംഭക അനുമതിക്കുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് രൂപീകരിച്ച ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെന്റർ, ഇൻവെസ്റ്റ് കണക്ട് ന്യൂസ് ലെറ്റർ, വ്യവസായ ലൈസൻസ് കാലാവധി 5 വർഷമായി വർധിപ്പിക്കാനുള്ള നടപടി, ലൈസൻസ് പുതുക്കുന്നതിന് ഓട്ടോ റിന്യൂവൽ സൗകര്യം, സ്വകാര്യ വ്യവസായ പാർക്കുകൾക്കുള്ള അനുമതി, അസെൻഡ് നിക്ഷേപക സംഗമം തുടങ്ങിയവ നിക്ഷേപം ആകർഷിക്കുന്നതിന് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ സ്വീകരിച്ച നടപടികളും പദ്ധതികളുമാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ പത്താം സ്ഥാനത്തേക്ക് ഈ വർഷമെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനിടയിൽ ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തിന്റെ
വ്യവസായ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. അത്തരം നീക്കങ്ങൾ നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തകർക്കാനുള്ളതായി വിലയിരുത്തപ്പെടും.
നിയമവും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പരാതികൾ ഉയർന്നാൽ പരിശോധിക്കും. അത്തരം പരിശോധനകൾ സ്വാഭാവികമാണ്. അത് വേട്ടയാടലല്ല. ആരെയും വേട്ടയാടാൻ ഈ സർക്കാർ തയാറല്ല. അതുകൊണ്ട് കേരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതൽ സൗഹൃദമാക്കാൻ, നിക്ഷേപസൗഹൃദ അന്തരീക്ഷം നല്ല രീതിയിൽ വളർത്തി കൊണ്ടുവരാനും സർക്കാർ സ്വീകരിക്കുന്ന നടപടികൾ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.