കോഴിക്കോട്: മുക്കം നഗരസഭക്ക് 14 കോടി രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗീകാരം ലഭിച്ചു. 2021-2022 സാമ്പത്തിക വര്‍ഷത്തിലേക്ക് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച് സമര്‍പ്പിച്ച ലേബര്‍ ബജറ്റിനും ആക്ഷന്‍ പ്ലാനിനുമാണ് ഇരുപത്തതിനാലാമത് സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്. ഇതോടെ നഗരസഭയില്‍ 3,40,941 തൊഴി ദിനങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കും.
തൊഴിലുറപ്പ് പദ്ധതിയില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് നഗരസഭ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാര്‍ഷിക- ക്ഷീരവികസന -പാര്‍പ്പിട മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയും നഗരസഭയുടെയും മറ്റു വകുപ്പുകളുടെയും പദ്ധതികളുമായി സംയോജിപ്പിച്ചും സമഗ്ര മാതൃകയില്‍ തയ്യാറാക്കിയ കര്‍മ പദ്ധതിയാണ് തൊഴിലുറപ്പ് കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിച്ചത്.
ആധുനിക തൊഴുത്ത്, അസോള കുളങ്ങള്‍, തീറ്റപ്പുല്‍കൃഷി തുടങ്ങിയവ ക്ഷീരവികസന മേഖലയിലും സിമന്റ് കട്ട നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം, തുടങ്ങിയവ പാര്‍പ്പിട മേഖലയിലും നടപ്പാക്കിയ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്കായുള്ള പരിശീലനങ്ങള്‍ നടത്തുമെന്നും സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കുമെന്നും ചെയര്‍മാന്‍ പി.ടി ബാബു അറിയിച്ചു.