തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ 14/07/21 ബുധനാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മടിയില്‍ കനമില്ലാത്തതിനാല്‍ തനിക്ക് ഭയമില്ലെന്നും കൊടകര കേസില്‍ എന്നല്ല ഏത് കേസില്‍ ഹാജരാകാനും തനിക്ക് ഭയമില്ലെന്നും സുരേന്ദ്രന്‍ 11/07/21 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസുകളില്‍ കുടുക്കാനുള്ള ശ്രമം വിജയിക്കില്ല. തനിക്കെതിരായ ഫോണ്‍സംഭാഷണങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ജൂലൈ ആറ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി തൃശ്ശൂര്‍ പൊലീസ് ക്ലബിലെത്തണമെന്നായിരുന്നു കെ സുരേന്ദ്രന് നല്‍കിയ നോട്ടീസിലെ നിര്‍ദേശം. എന്നാല്‍ ആ ദിവസം ബിജെപി നേതൃ യോഗം ചേരുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് പോകില്ലെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍ ഹാജരാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മുന്‍പ് പ്രതികരിച്ചിരുന്നത്. ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടും മൂത്താപ്പ പള്ളിയില്‍ പോയിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. എന്നാല്‍ ചോദ്യം ചെയ്യലിലിനോട് സഹകരിക്കുന്നതാണ് നല്ലതെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ബുധനാഴ്ച പൊലീസിനുമുന്നില്‍ ഹാജരാകാനുള്ള തീരുമാനമെന്നാണ് സൂചന.