ഉത്തര്‍പ്രദേശില്‍ കര്‍ശ്ശനമായ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്‍റെ കരട് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം നിയന്ത്രണം വരും. അതേ സമയം രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് ഏറെ ആനുകൂല്യങ്ങളും നിയമം ഉറപ്പ് നല്‍കുന്നു.
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം കുറയും. ഒപ്പം റേഷന്‍ കാര്‍ഡില്‍ പരമാവധി നാല് യൂണിറ്റ് മാത്രമേ അനുവദിക്കൂ. രണ്ടില്‍ ഏറെ കുട്ടികള്‍ ഉള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ, സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനോ സാധിക്കില്ല. രണ്ട് കുട്ടികള്‍ മാത്രം ഉള്ളവര്‍ ഇന്‍സെന്‍റീവുകള്‍ക്ക് അര്‍ഹരാകും. ഇത്തരക്കാര്‍ക്ക് അവരുടെ സര്‍വീസിനിടെ രണ്ട് അധിക ശമ്പള വര്‍ദ്ധനവിന് അര്‍ഹതയുണ്ടാകും. വീട് വാങ്ങുന്നതിന് ഇത്തരക്കാര്‍ സബ്സിഡി ലഭിക്കും. ഇപിഎഫ് പെന്‍ഷന്‍ സ്കീമില്‍ ഇത്തരക്കാര്‍ക്ക് യൂട്ടിലിറ്റി ചാര്‍ജില്‍ 3 ശതമാനം റിബേറ്റ് ലഭിക്കും. ഒരു കുട്ടി മാത്രം ഉള്ളവരാണെങ്കില്‍ ആനുകൂല്യങ്ങള്‍ വീണ്ടും വര്‍ദ്ധിക്കും. ഇത്തരക്കാര്‍ക്ക് നാല് അധിക ശമ്പള വര്‍ദ്ധനവ് സര്‍വീസ് കാലത്ത് ലഭിക്കും. സൌജന്യ ആരോഗ്യ പരിരക്ഷ 20വയസുവരെ കുട്ടിക്ക് ലഭിക്കും. സ്കൂള്‍ അഡ്മിഷന് കുട്ടിക്ക് മുന്‍തൂക്കം ലഭിക്കും. ബിരുദ തലം വരെ കുട്ടിയുടെ പഠന ചിലവ് സൌജന്യമായിരിക്കും.
ആനുകൂല്യങ്ങള്‍ കൈപറ്റിയ ശേഷം നിയമം തെറ്റിച്ച് രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടായാല്‍ അയാളില്‍ നിന്നും കൈപറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും നിയമത്തില്‍ പറയുന്നുണ്ട്.

