മനുഷ്യൻ മനുഷ്യനെ കണ്ടെത്തിയ കുടിയേറ്റം

ജാതിമത ഭേദങ്ങളില്ലാത്ത ലോകം സ്വപ്നം കണ്ടത് കേരളം ഒന്നിച്ചാണ്. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, കുമാരഗുരു,ശുഭാനന്ദ ഗുരു, വാഗ്ഭടാനന്ദൻ, വി ടി ഭട്ടതിരിപ്പാട്, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ ഇങ്ങനെ നീളുന്നു സ്വപ്നങ്ങൾ വിതച്ചവരുടെ പേരുകൾ. അവരുടെ സ്വപ്നങ്ങളെ പകർത്തിയ ജീവിതം 65 ലക്ഷം വരുന്ന മലയോര കർഷകർക്കാണ് ഉള്ളത്. മലയോരമാണ് യഥാർത്ഥ നവോത്ഥാന ഭൂമി.

കുടിയേറ്റം നാടിനു നൽകിയ സംസ്കാരിക നവോത്ഥാനം ഇനിയും പഠനവിധേയമാക്കാത്ത കാര്യമാണ്.

കുടിയേറ്റഭൂമിയിൽ ജനിച്ചു വളർന്നതിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. മനുഷ്യനെ മനുഷ്യനായി തിരിച്ചറിഞ്ഞ് ആദരിക്കാൻ പഠിപ്പിച്ച സംസ്കാരമാണ് കുടിയേറ്റ നാടുകളുടേത്.

ഒരു സംഭവം ഓർക്കുന്നു. നാലര ദശാബ്ദമായി. മധ്യവേനൽ അവധിക്കാലത്ത് മീനിച്ചിൽ താലൂക്കിലെ തറവാട്ടിലെത്തിയതായിരുന്നു ഞാൻ.

അവിടെ അയൽവാസിയുടെ മകന്റെ വിവാഹം. പട്ടികജാതിയിൽപ്പെട്ട നവവരൻ കുരുമുളക് വിളവെടുപ്പുകാലത്ത് ഹൈറേഞ്ചിലെ എന്റെ വീട്ടിൽ പണിക്കു വന്നിട്ടുണ്ട്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ സഹോദരങ്ങളും.

നാട്ടിലെ മിക്കവീടുകളിലും പണിക്കുപോകുന്നവരായതിനാൽ എല്ലാവരേയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. ആളുകളെല്ലാമെത്തി വീടിനുമുമ്പിൽ അയൽവാസിയുടെ റബർതോട്ടത്തിൽ തിങ്ങിനിറഞ്ഞു. കുടികിടപ്പവകാശത്തിൽ ലഭിച്ച അഞ്ചുസെന്റിലെ വീട്ടുമുറ്റത്തെ പന്തലിന് എല്ലാവരേയും ഉൾക്കൊള്ളാൻ വലിപ്പമില്ലായിരുന്നു.

ചടങ്ങുകൾ കഴിഞ്ഞു. എല്ലാവരേയും ഊണിനു ക്ഷണിച്ചു. റബർതോട്ടത്തിൽ നിന്നവരെല്ലാം പന്തലിൽക്കയറി കയ്യിൽ കരുതിയിരുന്ന പണമടങ്ങിയ കവർ വരനെ ഏൽപ്പിച്ച് തിരിച്ചിറങ്ങി.

പിതാവിന്റെ ഇളയസഹോദരനൊപ്പം പന്തലിൽ കയറിയ ഞാൻ അവിടെക്കിടന്ന ബഞ്ചിൽ ഇരുന്നു. അവർ വിളമ്പിയ ഇലയിൽ സദ്യയുണ്ടു. ഉപ്പാപ്പൻ പരിസരവാസികൾക്കുമുമ്പിൽ അപമാനിതനായതുപോലെ റബർതോട്ടത്തിൽ എന്നെ കാത്തുനിന്ന് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

വീട്ടിൽ എല്ലാവരും എന്നെ കുറ്റപ്പെടൂത്തുകയും കളിയാക്കുകയും ചെയ്തു. എന്നാൽ ഹൈറേഞ്ചിലെ വീട്ടിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുള്ളയാളുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതൊരു തെറ്റായി എനിക്കുതോന്നിയില്ല.

ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സ്വാതന്ത്ര്യസമരസേനാനികളും വളരെയധികം പരിശ്രമിച്ചിട്ടും ഇല്ലാതാക്കാൻ കഴിയാത്ത ഉച്ചനീചത്വ ചിന്ത ആരുടേയും പ്രേരണയിലല്ലാതെ കുടിയേറ്റ ഭൂമിയിൽ ഇല്ലാതായി.

മലയാളിയുടെ പൊതുബോധത്തെ തൊട്ടുണർത്തിയ നിശ്ശബ്ദ വിപ്ലവകാരികളാണ് കുടിയേറ്റകർഷകർ.

ജാതി മത വ്യത്യാസങ്ങളുടെ തടവറയിൽ നിന്ന് പുറത്തുകടക്കാൻ നിർബന്ധിച്ചത് മലയോര ജീവിത സാഹചര്യങ്ങളാണ്.ആരോരും ഇല്ലാത്ത കുറെ അപരിചിതർ ഒന്നിച്ചു വന്നു കൂടി ജീവിതം വാർത്തെടുക്കുകയായിരുന്നു. ഉള്ളിൽ തട്ടുന്ന വിധം ഒരുവന് അപരനെ വേണമായിരുന്നു. കാട്ടാന വീട് പൊളിക്കുമ്പോൾ ഓടിവരാൻ, രോഗിയെ ചാക്കുകട്ടിലിൽ ചുമന്നു കൊണ്ടുപോകാൻ …. എന്തിന്…. നല്ല നാളുകൾ വരുമെന്നു പറഞ്ഞ് പരസ്പരം സമാധാനിപ്പിക്കാൻ… അങ്ങനെ പലതിനും.
അതിനിപ്പോൾ ജാതി എന്തായാലെന്ത്? മതമേതായാലെന്ത്? മനുഷ്യനായാൽ പോരെ?അതാണ് മലയോര ജീവിതം തന്ന നിറവെളിച്ചമുള്ള മനോഭാവം.

അദ്ധ്യാപകനും പത്രപ്രവർത്തകനും ആയി പ്രവർത്തിച്ചിട്ടുള്ള ലേഖകൻ ഇപ്പോൾ വ്യാപാരിയും കർഷകനുമാണ്.
ഫോൺ :+91 6282021031

Share

About ബാബു പുളിമൂട്ടിൽ

View all posts by ബാബു പുളിമൂട്ടിൽ →