കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. 3,500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കേരളം വിട്ടുപോകാന്‍ ആഗ്രഹിച്ചിരുന്നില്ല. സര്‍ക്കാരിന്റെ സമീപനം മാറണം. വ്യവസായ സൗഹൃദമെന്ന് പത്ത് പ്രാവശ്യം പറഞ്ഞാല്‍ അതാകില്ല. പിടിച്ച് നിൽക്കാൻ പരമാവധി ശ്രമിച്ചു. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും, ഇനിയും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സാബു എം ജേക്കബ് പറഞ്ഞു.
വ്യവസായ മന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് സാബു എം ജേക്കബ് നടത്തിയത്. പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ നിലവിലുള്ള വ്യവസായം കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് ആലോചിക്കുമെന്നും കിറ്റക്സ് എംഡി മുന്നറിയിപ്പ് നൽകി.
കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ് ഹൈദരാബാദിലേക്ക് പോകവേയാണ് പ്രതികരണം. കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. നിക്ഷേപം നടത്താൻ വൻ ആനൂകൂല്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണിൽ സംസാരിച്ചിരുന്നു.

