ന്യൂഡല്‍ഹി: പുതിയ ഐടി ചട്ട പ്രകാരമുള്ള ഉദ്യോഗസ്ഥരെ രണ്ടാഴ്ചയ്ക്കുള്ളില്‍ നിയമിക്കുമെന്നു ട്വിറ്റര്‍.ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമപരിരക്ഷയോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടു ദിവസം മുമ്പ് ഇടക്കാല മുഖ്യ കംപ്ലയന്‍സ് ഓഫീസറെ നിയമിച്ചു ഇടക്കാല പരാതിപരിഹാര ഉദ്യോഗസ്ഥനെ 11നകം നിയമിക്കും. ഇടക്കാല നോഡല്‍ കോണ്‍ടാക്ട് ഓഫീസറെ രണ്ടാഴ്ചയ്ക്കുള്ളില്‍ നിയമിക്കുമെന്നുമാണ് ട്വിറ്ററിന്റെ അഭിഭാഷകന്‍ അറിയിച്ചത്.ചീഫ് കംപ്ലയന്‍സ് ഓഫീസര്‍, ഇന്ത്യക്കാരനായ പരാതിപരിഹാര ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട് ഓഫീസര്‍ എന്നീ തസ്തികകളില്‍ പൂര്‍ണസമയ നിയമനം എട്ടാഴ്ചക്കുള്ളില്‍ നടത്തുമെന്നും ട്വിറ്റര്‍ കോടതിക്ക് ഉറപ്പുനല്‍കി.
നിയമന നടപടി സംബന്ധിച്ച ആദ്യത്തെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്നും കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന്, ട്വിറ്റര്‍ ചുമതലപ്പെടുത്തിയ എല്ലാ ഉദ്യോഗസ്ഥരും ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്വം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

