ആലപ്പുഴ: പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗരൂകരാവാനും കുടിവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനും നിര്‍ദ്ദേശിച്ച് ആരോഗ്യ വകുപ്പ്. അടുക്കളയും വെള്ളം സൂക്ഷിക്കുന്ന സ്ഥലവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ തേച്ചുരച്ച് കഴുകി വൃത്തിയാക്കിയ ശേഷം മാത്രം വെള്ളം ശേഖരിക്കുക. പാകത്തിനുള്ള മൂടി ഉപയോഗിച്ച് ഈച്ച കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുക. വെള്ളം കോരിയെടുക്കാന്‍ കൈപ്പിടിയുള്ള മഗ്ഗ് ഉപയോഗിക്കുക. കൈ വൃത്തിയായി കഴുകിയ ശേഷം മാത്രം വെള്ളം പകര്‍ന്നെടുക്കുക. എലി, പൂച്ച, നായ, കോഴി തുടങ്ങിയവ കടക്കാത്ത സ്ഥലങ്ങളില്‍ വെള്ളം സൂക്ഷിക്കുക. വെള്ളം സൂക്ഷിക്കുന്ന ഇടം നനവില്ലാത്ത വിധം തുടച്ചു വൃത്തിയായി സൂക്ഷിക്കുക. വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ തേച്ചു കഴുകി വൃത്തിയാക്കുക. ടാങ്കുകള്‍ അടച്ച് സൂക്ഷിക്കുക. അഞ്ചു മിനിട്ടു നേരമെങ്കിലും വെട്ടിത്തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. പഴച്ചാറ്, മോര് എന്നിവയ്ക്കും തിളപ്പിച്ചാറിയ വെള്ളമുപയോഗിക്കുക. സമയമെടുത്ത് പാകം ചെയ്യാത്ത (ചട്നി, സാലഡ്) തുടങ്ങിയ വിഭവങ്ങളിലും തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.