ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടങ്ങള്‍ പ്രകാരം നടപടിയെടുക്കുന്നതില്‍നിന്നു ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ചു ഡല്‍ഹി ഹൈക്കോടതി. പുതിയ ഐടി ചട്ടങ്ങള്‍ക്കെതിരേ വിവിധ ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതു ഹൈക്കോടതി ഓഗസ്റ്റ് 20 ലേക്കു മാറ്റിവച്ചു.
ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നു കേന്ദ്രസര്‍ക്കാര്‍ അപേക്ഷ നല്‍കിയ സാഹചര്യത്തിലാണിത്.ദ വയര്‍, ക്വിന്റ് ഡിജിറ്റല്‍ മീഡിയ, പ്രവ്ദ മീഡിയ ഫൗണ്ടേഷന്‍ തുടങ്ങിയവയാണു ഐടി ചട്ടങ്ങളെ ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹിക മാധ്യമസ്ഥാപനങ്ങളും ഡിജിറ്റല്‍ മീഡിയ കമ്പനികളും വിവാദമായ ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കുക, പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുക, അന്വേഷണത്തില്‍ സഹായിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതിയ ഐടി ചട്ടങ്ങളിലുള്ളത്.

