തേനി: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി സംസ്കാരത്തിനിടെ ജീവിതത്തിലേക്ക് തിരികെയെത്തിയ പിഞ്ചുകുഞ്ഞ് ഒടുവില്‍ മരിച്ചു. തമിഴ്നാടിലെ തേനി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചത്.
03/07/21 ശനിയാഴ്ചയാണ് 30 കാരിയായ ഫാത്തിമ മേരിക്കും പിലവേന്ദ്ര രാജക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. ആറാം മാസത്തിലുണ്ടായ കുഞ്ഞിന് 700 ഗ്രാം മാത്രമായിരുന്നു തൂക്കം. കുഞ്ഞ് ജനിച്ചപ്പോള്‍ ചലനം ഉണ്ടായിരുന്നില്ല. പിന്നീട് നിരീക്ഷണത്തിലായിരുന്നു കുഞ്ഞ്. തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയും മൃതശരീരം ബന്ധുക്കള്‍ക്ക് കൈമാറുകയുമായിരുന്നു. തേനി-പെരിയാകുളം പ്രധാന റോഡിലുള്ള ശ്മശാനത്തില്‍ 04/07/21 ഞായറാഴ്ച രാവിലെയായിരുന്നു കുഞ്ഞിന്റെ സംസ്കാരം.
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുട്ടി ചലിക്കുകയും ഉടനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. കുഞ്ഞിനെ വെന്റിലേറ്ററിലാക്കുകയും ചെയ്തു. ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്ന കുഞ്ഞ് ഓക്സിജന്‍ സഹായത്തോടെയാണ് ശ്വസിച്ചിരുന്നത്. എന്നാല്‍ 05/07/21 തിങ്കളാഴ്ച ഉച്ചയോടെ ഹൃദയാഘാതം മൂലം കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.

