തിരുവനന്തപുരം : മുട്ടില്‍ മരം മുറിക്കലുമായി ബന്ധപ്പെട്ട ഫയല്‍ കൈകാര്യം ചെയ്‌തിരുന്ന റവന്യൂ വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരോട് നിര്‍ബ്ബന്ധിത അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു. റവന്യൂ വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറിയോടും അണ്ടര്‍ സെക്രട്ടറിയോടുമാണ് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. . മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട നോട്ട്‌ഫയലിന്റെയും കറന്റ് ഫയലിന്റെയും രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
റവന്യൂ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ് മരം മുറിക്കാന്‍ അനുവാദം നല്‍കാനുളള സര്‍ക്കാര്‍ നീക്കം ക്രമവിരുദ്ധമാണെന്നും അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായവും കോടതിയുടെ തീരുമാനവും കാക്കണമെന്നും ഫയലില്‍ എഴുതിയത് . അതിനുളള മറുപടിയായിട്ടാണ് പ്രത്യേകിച്ച് ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും മരങ്ങള്‍ മുറിക്കുന്നത് തടസപ്പെടുത്തുന്നത് ഗുരുതരമായ കൃത്യവിലോപമായി കണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീ കരിക്കുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഫയലില്‍ എഴുതിയത് . ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതേ വാചകങ്ങള്‍ ഉദ്ധരിച്ച് ഉത്തരവിറക്കിയത്.

