ലണ്ടൻ: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങൾ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പഠനം. ആദ്യകാല കോവിഡ് കേസുകളിൽ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം അല്ലായിരുന്നുവെന്നും എന്നാൽ ഡെൽറ്റ വകഭേദം ബാധിച്ച കോവിഡ് രോഗികളിൽ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നും പഠനം പറയുന്നു. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ബ്രിട്ടനിലെ രോഗികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന പുതിയ ലക്ഷണമാണ് മൂക്കൊലിപ്പെന്നും എന്നാൽ മുൻ കേസുകളിൽ ഇത് ഒരു പ്രധാന ലക്ഷണമായി അപൂർവമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളുയെന്നും പഠനത്തിന് നേതൃത്വം കൊടുത്ത ലാറ ഹെരേറോ പറഞ്ഞു. മുമ്പത്തെ കേസുകൾ സാധാരണമായിരുന്ന മണം നഷ്ടമാകൽ ഡെൽറ്റ വകഭേദത്തിന്റെ കാര്യത്തിൽ പ്രകടമല്ലാത്ത ലക്ഷണമായെന്നും അവർ പറഞ്ഞു. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, സ്ഥിരമായ ചുമ എന്നിവയാണ് ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന പ്രധാന ലക്ഷണങ്ങളായി അവർ പറയുന്നത്.
വൈറസിന്റെ പരിണാമം ഉൾപ്പെടെയുള്ള കാരണങ്ങളാണ് രോഗലക്ഷണങ്ങളിലെ ഈ മാറ്റത്തിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. രോഗപ്രതിരോധ സംവിധാനത്തിന്റെ കാര്യത്തിൽ ഓരോ മനുഷ്യനും വ്യത്യസ്തനായതിനാൽ ഒരേ വൈറസിന് വ്യത്യസ്ത രോഗലക്ഷണങ്ങൾ കാണിക്കാൻ കഴിയുമെന്നും ഗവേഷകർ പറഞ്ഞു.
തീവ്ര വ്യാപനശേഷിയുളള ഡെൽറ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ആൽഫാ വകഭേദം 170 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ആൽഫയേക്കാൾ വ്യാപനശേഷി വർധിച്ച വൈറസ് വകഭേദമാണ് ഡെൽറ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെൽറ്റ മാറാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
ഡെൽറ്റ വകഭേദം ബാധിക്കുന്നവർക്ക് മറ്റു കോവിഡ് രോഗികളെ അപേക്ഷിച്ച് ഓക്സിജൻ ആവശ്യം വരുന്നുണ്ടെന്നും, ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതായും മരണം കൂടുതലാണെന്നും സിങ്കപ്പൂരിൽ നടത്തിയ ഒരു പഠനത്തിൽ പറഞ്ഞിരുന്നു. ജപ്പാനിൽ നടത്തിയ പഠനത്തിലും ആൽഫാ വകഭേദത്തേക്കാൾ ഡെൽറ്റാവകഭേദം വേഗത്തിൽ വ്യാപിക്കുന്നതായി പറയുന്നുണ്ട്.

