നെടുംകണ്ടം: പാമ്പാടുംപാറയില്‍ ഗൃഹനാഥന് ജീവനൊടുക്കിയത് കടബാധ്യതമൂലവും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിരന്തര ശല്യത്തെ തുടര്‍ന്നുമാണെന്ന് ബന്ധുക്കള്‍. 2021 ജൂണ്‍ 30 ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് പത്തിനിപ്പാറ മോവേലില് സന്തോഷ് (45)വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കടക്കെണി മൂലമാണ് ജീവന് അവസാനിപ്പിക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. വാഹന വായ്പ കുടിശിക വന്നതിനാല്‍ കഴിഞ്ഞ ദിവസം ഫിനാന്‍സ് കമ്പനി അസഭ്യം പറയുകയും ഭീഷണി മുഴക്കിയതുമാണ് സന്തോഷ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ഭാര്യ ഗീത പറഞ്ഞു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായും വാഹനം വാങ്ങാനുമായി നെടുംകണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് വായപയെടുത്തിരുന്നു.
ഏലം കൃഷിയാണ് കുടുംബത്തിന്റെ വരുമാനം. ഏലത്തിനുണ്ടായ വിലയിടിവ് വായ്പാ തിരിച്ചടവ് മുടക്കാനിടയാക്കി. വാഹന വായ്പയുടെ മൂന്ന് അടവുകളാണ് കുടിശികയുളളത്. ഉടന്‍ തിരിച്ചടച്ചേക്കാമെന്ന് അറിയിച്ചിട്ടും ഭീഷണി തുടര്‍ന്നു. സന്തോഷ് മരിച്ച ദിവസവും ഇവര്‍ വീട്ടിലെത്തിയിരുന്നതായി ഭാര്യ പറഞ്ഞു. നെടുംകണ്ടത്തെ മറ്റ് ചില പണമിടപാട് സ്ഥാപനത്തില്‍ നിന്നും വായപയെടുത്തിരുന്നു. കടബാധ്യതയും അതുമൂലമുണ്ടാകുന്ന നിരന്തര ശല്യവും മൂലം എന്തെങ്കിലും കടുംകൈ പ്രവര്‍ത്തിക്കുമെന്ന് സന്തോഷ് പറഞ്ഞിരുന്നതായും ഭാര്യ പറഞ്ഞു.
ജീര്‍ണാവസ്ഥയിലായ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. രണ്ടേക്കര്‍ ഭൂമിയുളളതിനാല്‍ ലൈഫ് പദ്ധതിയില്‍ വീട് ലഭ്യമായില്ല കൃഷിയുടെ വരുമാനത്തില്‍ നിന്ന് വീട് നിര്‍മിക്കാമെന്ന പ്രതീക്ഷയില്‍ അടിത്തറ ഒരുക്കിയിട്ട് വര്‍ഷങ്ങളായി . രണ്ട് മക്കളുടെ പഠനം കൃഷി ആവശ്യങ്ങള്‍ക്കുളള ചെലവുകള്‍ ദൈനംദിന ചെലവുകളെല്ലാം ഏലം വരുമാനത്തെ ആശ്രയിച്ചാണ് നടത്തിയിരുന്നത്. നെടുംകണ്ടം പോലീസ് സ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംബിച്ചു.

