ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി ചരിഞ്ഞു. 03/07/2021 ശനിയാഴ്ച്ച പുലർച്ചെ നാലരയ്ക്കായിരുന്നു ചരിഞ്ഞത്. 58 വയസായിരുന്നു. 02/07/2021 വെള്ളിയാഴ്ച മുതൽ ആനയ്ക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു.
ആനക്കോട്ടയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളാണ് മാധവൻകുട്ടി. ഇതേ പേരിൽ ഒരു ജൂനിയർ താരം വന്നതിനാലാണ് “വലിയ മാധവൻകുട്ടി ആയത്. 1974ൽ നടയിരുത്തിയ മൂന്ന് ആനകളിൽ ഒന്നാണ് മാധവൻകുട്ടി. 1976ലെ മാള ഗജമേളയിൽ ഏറ്റവും നല്ല രണ്ടാമത്തെ കുട്ടിയാനയായി തിരഞ്ഞെടുക്കപ്പെട്ടു.
ദിവസങ്ങൾക്കു മുൻപ് ആനക്കോട്ടയിൽ മാധവൻകുട്ടി പുല്ല് മേഞ്ഞു നടന്നിരുന്ന ചിത്രം ഏറെ വൈറൽ ആയിരുന്നു. വെള്ളം പമ്പ് ചെയ്ത് നൽകിയാൽ മരത്തിൽ ശരീര ഭാഗങ്ങൾ ഉരച്ചു തേച്ച് കുളിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വലിയ കണിശക്കാരനും വാശിക്കാരനുമാണ്. ഒറ്റച്ചട്ടം (ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന) ഗണത്തിലാണ് മാധവൻകുട്ടി.
ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി. തുടരെയായിട്ടാണ് ദേവസ്വത്തിലെ ആനകൾക്ക് മരണം സംഭവിക്കുന്നത്. ദേവസ്വത്തിലെ ആനകളുടെ അപ്രതീക്ഷിത മരണങ്ങൾ സംബന്ധിച്ച് ദേവ പ്രശ്നം നോക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ആനകളുടെ സുഖ ചികിത്സ ദേവസ്വത്തിൽ ആരംഭിച്ചത്.

