ഇടുക്കി: ചിന്നക്കനാല്‍ വില്ലേജില്‍ കര്‍ഷകരുടെ കൈവശഭൂമിയിലും റവന്യൂ ഭൂമിയിലും അവകാശം സ്ഥാപിക്കുവാന്‍ വനംവകുപ്പിന്റെ നീക്കം. ആനയിറങ്കല്‍ ഡാമിലേക്കും റവന്യൂ പുറമ്പോക്കിലേക്കുള്ള റോഡുകള്‍ക്ക് കുറുകെ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കിടങ്ങുകള്‍ നിര്‍മിച്ചാണ് വഴിയടയ്ക്കല്‍ നടന്നിരിക്കുന്നത്.
റവന്യൂ രേഖകള്‍ പ്രകാരം 25 ഹെക്ടര്‍ ഭൂമിയാണ് വനമായി ചിന്നക്കനാല്‍ വില്ലേജില്‍ ഉള്ളത്. ബാക്കി പാട്ടം, പട്ടയം, റവന്യൂ തരിശ് എന്നീ വിഭാഗങ്ങളില്‍ പെടുന്നതാണ്. ഇതില്‍ റവന്യൂ തരിശ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയില്‍ നല്ലപങ്കും കൈവശ കൃഷിക്കാരുടേതാണ്. പ്രത്യേക ഉത്തരവ് പ്രകാരം ഏറ്റവും ഒടുവില്‍ നടന്ന പട്ടയ നടപടികളില്‍ ചിന്നക്കനാലില്‍ ഏഴായിരത്തിലധികം പട്ടയ അപേക്ഷകള്‍ സ്വീകരിക്കപ്പെടുകയും നടപടികള്‍ക്കായി രാജകുമാരിയിലെ ഭൂമിപതിവ് ആപ്പീസില്‍ എത്തുകയും ഉണ്ടായി. എന്നാല്‍ വനംവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ആര്‍ക്കും പട്ടയം നല്‍കുകയുണ്ടായില്ല.

എണ്ണൂറിലധികം ആദിവാസി കുടുംബങ്ങളെ ആന്റണി സര്‍ക്കാര്‍ ഇവിടെ കുടിയിരുത്തിയിരുന്നു. ആദിവാസി നേതാവ് ജാനുവുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് കേരളത്തില്‍ ഏറ്റവുമധികം പേരെ കുടിയിരുത്തിയ വില്ലേജ് ആണ് ഇത്. ഈ ഭൂമി കൈവശപ്പെടുത്തി വനമായി പ്രഖ്യാപിക്കുവാന്‍ വനംവകുപ്പിന് ലക്ഷ്യമുണ്ടായിരുന്നു. ആദിവാസികള്‍ക്ക് ലഭ്യമായ ഭൂമിയില്‍ റോഡ്, ജലവിതരണം, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിന് തടസ്സം നിന്ന്, സെറ്റില്‍മെന്റ് നിലവില്‍ വരുന്നത് തടയാനായിരുന്നു ആദ്യശ്രമം. സമരങ്ങളെ തുടര്‍ന്ന് ഇത് സാധിക്കാതെ പോയി.
പക്ഷെ കാട്ടാന ശല്യത്തിനു പുറമെ ലഭിച്ച പട്ടയഭൂമിയിലെ പൈന്‍ മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് തടസ്സം നില്‍ക്കുകയും ചെയ്തതോടെ ആദിവാസികള്‍ തോറ്റുപോയി. പലര്‍ക്കും വീടുവെച്ച് താമസിച്ച് കൃഷി ചെയ്യാനാകാതെ വന്നു. രണ്ടു പതിറ്റാണ്ട് തികയുന്ന പ്രശ്‌നത്തിന് ഇപ്പോഴും പരിഹാരമില്ല.നിരവധി ആദിവാസികളെ ആന കൊന്നു. ഇത് ചൂണ്ടിക്കാട്ടി ഈ പ്രദേശം ആന പാര്‍ക്കും ആനത്താര യുമായി പ്രഖ്യാപിച്ച വന്യജീവികേന്ദ്രം ആക്കാനുള്ള നീക്കം ആണ് പിന്നീട് ഉണ്ടായത്.
ഇപ്പോള്‍ കിടങ്ങുണ്ടാക്കി കര്‍ഷകരുടെ ആവാസത്തിനും ഭൂമിക്കും നേരെ നീക്കം ആരംഭിച്ചിരിക്കുന്നത് പ്രതിഷേധമായിട്ടുണ്ട്.
ചിന്നക്കനാല്‍ വില്ലേജില്‍ നിയമവിരുദ്ധമായി ചിലര്‍ കൈവശപ്പെടുത്തിയ ഭൂമികളില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമി റവന്യൂ വകുപ്പിന് കീഴില്‍ ലാന്‍ഡ് ബാങ്കില്‍ നിക്ഷിപ്തമാക്കാനാണ് നിയമം പറയുന്നത്. എന്നാല്‍ ഈ ഭൂമിയില്‍ ടെന്റും മറ്റും സ്ഥാപിച്ച് വനംവകുപ്പ് അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍. റവന്യൂ വകുപ്പ് നിശബ്ദത പാലിക്കുകയും ചെയ്യുന്നു. പഞ്ചായത്തിനും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഭൂമി ആവശ്യമുണ്ടെന്നിരിക്കെയാണ് ഈ കൈവശപ്പെടുത്തല്‍. ഭൂരഹിത കേരളം പദ്ധതിയില്‍ പോലും ഭൂമി കണ്ടെത്താന്‍ കഴിയുന്നുമില്ല. കൃഷിഭൂമി വനമാക്കി മാറ്റിയെടുക്കാന്‍ നടത്തുന്ന വനംവകുപ്പിന്റെ കളികള്‍ ഏഴായിരത്തിലേറെ കൃഷിക്കാരും താമസക്കാരുമായ സാധാരണക്കാരുടെ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

