ബ്ലോഗര്‍ സുജിത്ത് ഭക്തന് ഇടമലക്കുടി സന്ദര്‍ശിക്കാന്‍ അനുമതിയില്ലായിരുന്നുവെന്ന് വനംവകുപ്പ്; അന്വേഷണം തുടങ്ങി

മൂന്നാര്‍: ആദിവാസി ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യാക്കോസ് എം.പിയും വ്‌ളോഗര്‍ സുജിത്ത് ഭക്തനും ചേര്‍ന്ന് നടത്തിയ യാത്രയില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. ബ്ലോഗര്‍ സുജിത്ത് ഭക്തന് യാത്രാനുമതി ഇല്ലായിരുന്നെന്ന് വനം വകുപ്പ് അധികൃതർ 29/06/21 ചൊവ്വാഴ്ച പറഞ്ഞു.

രാജ്യത്ത് കൊവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത പഞ്ചായത്താണ് ഇടുക്കിയിലെ ഇടമലക്കുടി. സെല്‍ഫ് ക്വാറന്റീനിലുള്ള ഇടമലക്കുടിയിലേക്ക് അത്യാവശ്യ സര്‍വീസ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല.

ഇവിടേക്ക് കഴിഞ്ഞ ദിവസമാണ് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിനും സംഘത്തിനുമൊപ്പം സുജിത്ത് ഭക്തന്‍ എത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇടമലക്കുടിയിലെ എല്‍.പി. സ്‌കൂളിലേക്ക് വിദ്യാഭ്യാസത്തിനായി ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നല്‍കാനായിരുന്നു യാത്രയെന്നായിരുന്നു സുജിത്ത് ഭക്തന്‍ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

അനധികൃതമായി വീഡിയോ പകര്‍ത്തിയതിനാല്‍ ബ്ലോഗര്‍ സുജിത്ത് ഭക്തന് വനത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്നും സുജിത്തിനെതിരെ നേരത്തെ തന്നെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ കൂടി അന്വേഷണം വേണമെന്നും സി.പി.ഐ.എം. ആവശ്യപ്പെട്ടു. യാത്രയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുന്‍കരുതലുകള്‍ എല്ലാം എടുത്ത് കൊവിഡ് വരാതെ നോക്കുന്ന ഇടമലക്കുടിയിലേക്ക് സംഘം ഉല്ലാസ യാത്രയാണ് നടത്തിയതെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് എ.ഐ.വൈ.എഫിന്റെ ആവശ്യം.

Share
അഭിപ്രായം എഴുതാം