കൊല്ലം: ഉത്തര കൊലക്കേസിലേതിനു സമാനമായി വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൂട്ടാൻ പൊലീസ്.
ഇനി ജയിലില്‍ നിന്ന് പുറത്തിറങ്ങാത്ത വിധം ഇയാളെ പൂട്ടാനാണ് അന്വേഷണ സംഘത്തിന് ഐജിയുടെ നിര്‍ദേശം. തൊണ്ണൂറു ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കിരണ്‍ നടുറോഡില്‍ വച്ചു പോലും വിസ്മയയെ മര്‍ദ്ദിച്ചിരുന്നുവെന്നതിന്റെ തെളിവുകളും സാക്ഷിമൊഴികളും പൊലീസിന് കിട്ടിയിട്ടുണ്ട്.
വിസ്മയയുടേത് കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല. ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരണ്‍കുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം.
90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഐജി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

