പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് പഞ്ചായത്തിലെ കന്നിമലയില്‍ കര്‍ഷകന്റെ ഭൂമിയിലെ കൃഷി വെട്ടിനശിപ്പിക്കുന്നതായി പരാതി. സ്ഥലത്തെ വിവാദമായ ക്വാറി പുനരാംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമീപത്തെ കൃഷിഭൂമിയിലെ വിളകള്‍ നശിപ്പിക്കുന്നതെന്നാണ് ആരോപണം. പ്രവാസിയും കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയും ചെയ്‌തിട്ടുളള ഏറത്ത് കുളക്കട അമ്പാടി ഹൗസില്‍ ഗിരീഷ് കൃഷ്‌ണനാണ് പരാതിക്കാരന്‍.
20 വര്‍ഷമായി വിദേശത്ത ജോലി ചെയ്‌ത് സമ്പാദിച്ച പണം ഉപയോഗിച്ചാണ് നാലുപേരില്‍ നിന്നായി രണ്ടേക്കര്‍ റബര്‍ തോട്ടം ഗരീഷ് വാങ്ങുന്നത്. ഗിരീഷ് അവിടെയുണ്ടായിരുന്ന റബര്‍മരങ്ങള്‍ മുറിച്ചുമാറ്റി വിവധ കൃഷികള്‍ ചെയ്യുകയായിരുന്നു. അഞ്ചുലക്ഷം രൂപ മുടക്കിയാണ് സ്ഥലം ശരിക്കും കൃഷിഭൂമിയാക്കി മാറ്റിയത്. ഇത് ഇഷ്ട്‌ടപ്പെടാത്ത സമീപത്തെ പാറമട ഉടമയുടെ നേതൃത്വത്തില്‍ തന്റെ ഭൂമിയില്‍ സ്ഥിരമായി നാശനഷ്ടങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പല പൊതുപ്രവര്‍ത്തകരെയും സമീപിച്ച് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഗിരീഷ് പറയുന്നത്.
.പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും പ്രവര്‍ത്തിക്കാനുളള നീക്കങ്ങള്‍ നടക്കുന്നതായി ഗിരീഷ് പറഞ്ഞു. തന്റെ ഭൂമി വിലയ്‌ക്കുവാങ്ങാന്‍ പാറമട മുതലാളി ശ്രമിച്ചിരുന്നു. അവരുടെ സ്വാധീനത്തിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് ജെസിബി ഉപയോഗിച്ച വഴി സഞ്ചാര യോഗ്യമല്ലാതാക്കി തീര്‍ക്കുകയും തനിക്ക് സ്വന്തം ഭൂമിയില്‍ കയറാന്‍ പറ്റാത്ത സ്ഥിതി സൃഷ്ടിക്കുകയും ചെയ്‌തു. ഇയാളില്‍ നിന്ന് ഭീഷണിയുഉളളതായും പറയുന്നു. നട്ടുവളര്‍ത്തിയ വാഴ, തേക്ക്,തെങ്ങ്, ചേന,കാച്ചില്‍,ചേമ്പ് തുടങ്ങിയവ ഇയാള്‍ നശിപ്പിച്ചു. ഫാം ടൂറിസം ലക്ഷ്യമിട്ടാണ് താന്‍ ഈ ഭൂമി വാങ്ങിയതെന്നും എന്നാല്‍ ക്വാറിയല്ലാതെ മറ്റൊന്നും നടക്കില്ലെന്നുളള നിലപാടിലാണ് ക്വാറിയുടമയെന്നും ഗിരീഷ് ആരോപിച്ചു.

