സിഎച്ച്ആര്‍ മേഖലയില്‍ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ സി പി ഐ നേതാവടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

ഇടുക്കി: സിഎച്ച്ആര്‍ മേഖലയില്‍ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഐ നേതാവ് വിആര്‍ ശശി, സ്ഥലമുടമ മോഹനന്‍, മരംവെട്ടിയ സുധീഷ് എന്നിവര്‍ക്കെതിരെ കുമളി വനംവകുപ്പാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് ടണ്‍ മരങ്ങള്‍ അനധികൃതമായി വെട്ടി കടത്തിയെന്നാണ് ആരോപണം. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളില്‍ നിന്ന് മരംവെട്ടുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നിരിക്കെ ചേരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങള്‍ വെട്ടി കടത്തിയെന്നാണ് പരാതി. സെഷന്‍ ഫോറസ്റ്റ് ഓഫീസറാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

കേസിലെ അന്വേഷണം തുടരാന്‍ തന്നെയാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മരംമുറിച്ചവരേയും പണി ആയുധങ്ങളും മരം മുറിച്ച് കടത്താനായി ഉപയോഗിച്ച വാഹനങ്ങളും കണ്ടെത്താന്‍ ഉപയോഗിച്ച വാഹനങ്ങളും വനംവകുപ്പ് കണ്ടെത്താനിരിക്കുകയാണ്. അനധികൃതമായി വെട്ടികടത്തിയ തടി വെള്ളിലാംകണ്ടത്ത് വെച്ച് പിടിച്ചെടുത്തിരുന്നെങ്കിലും ആരെയും പ്രതിചേര്‍ക്കാതിരുന്നതി വിവാദമായിരുന്നു. മുട്ടില്‍ മരംമുറി വിവാദത്തില്‍ സിപിഐ കടുത്ത പ്രതിരോധത്തിലായിരിക്കുന്ന പശ്ചാത്തലത്തില്‍ സിപിഐ നേതാവിനെതിരെ കേസ് എടുത്തിരിക്കുന്നത് പാര്‍ട്ടിക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാകും.

കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് സിപിഐ നേതാവായ വിആര്‍ ശശി. മുറിച്ച് കടത്താന്‍ പദ്ധതിയിട്ടിരുന്ന തടി വെള്ളിലാംകണ്ടത്ത് ഒളിപ്പിച്ചുവെച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്. മുട്ടില്‍ മരംമുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംഭവത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനംവകുപ്പ് നിര്‍ബന്ധിതരാകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →