ഇടുക്കി: മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി: മാലിന്യ സംസ്‌കരണത്തില്‍  മാതൃകയാവുകയാണ്  രാജകുമാരി ഗ്രാമപഞ്ചായത്ത്. ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് പഞ്ചായത്തിലെ ഓരോ വീട്ടിലും നടപ്പിലാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളില്‍  പത്തിലും പദ്ധതി വിജയകരമായി പൂര്‍ത്തികരിച്ചു.

സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ പഞ്ചായത്തിലെ ഓരോ വീട്ടിലും ജൈവമാലിന്യ സംസ്‌ക്കരണ യുണിറ്റ് നിര്‍മ്മിച്ചത്. പഞ്ചായത്തിലെ ഓരോ വീടുകളിലെയും ജൈവമാലിന്യങ്ങള്‍ പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ കമ്പോസ്റ്റ് യൂണിറ്റില്‍ നിക്ഷേപിച്ചു ജൈവവളമാക്കി മാറ്റുകയാണ് പദ്ധതി. ഇങ്ങനെ ലഭിക്കുന്ന വളം കര്‍ഷകര്‍ക്ക്  അവരുടെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യാം.  

പഞ്ചായത്തിലെ പത്ത് വാര്‍ഡുകളില്‍ പദ്ധതി നടപ്പിലാക്കി. 2019-20 സാമ്പത്തിക വര്‍ഷത്തിലാണ് മാലിന്യസംസ്‌കരണ പദ്ധതിക്ക് പഞ്ചായത്ത് തുടക്കം കുറിച്ചത് ഒന്നാം ഘട്ടത്തില്‍ ആയിരം വീടുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. അടുത്ത വര്‍ഷത്തോടെ മൂന്ന് ഘട്ടങ്ങളിലായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പദ്ധതി പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൈവമാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്‌കരിക്കുന്നതിനൊപ്പം അജൈവമാലിന്യങ്ങള്‍ ഗ്രീന്‍ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍ വീടുകളില്‍ എത്തി ശേഖരിക്കുന്നുമുണ്ട്.  പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജകുമാരി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്തായി മാറും.

ആദ്യഘട്ട  പദ്ധതി പൂര്‍ത്തികരണത്തിന്റെ ഭാഗമായി നടുമറ്റം ധര്‍മ്മേല്‍ വിനോദിന്റെ വീട്ടില്‍ സ്ഥാപിച്ച കംപോസ്റ്റ് യൂണിറ്റില്‍ നിന്നും ജൈവവളം ശേഖരിക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു  നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ജെ സിജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →