സ്ത്രീസുരക്ഷയ്ക്കായി ബോധവത്കരണവും പ്രത്യേക കർമപദ്ധതിയും ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വനിതാ ശിശുവികസന വകുപ്പ് മഹിളാ ശക്തികേന്ദ്രം വഴി നടപ്പാക്കുന്ന ‘കാതോർത്ത്’ പദ്ധതിയുടെ ഭാഗമായി സ്ത്രീകളുമായി ഓൺലൈനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകൾക്ക് ഓൺലൈനായി കൗൺസലിങ്, നിയമസഹായം, പോലീസിന്റെ സേവനം എന്നിവ നൽകുന്നതാണ് കാതോർത്ത് പദ്ധതി. രഹസ്യങ്ങൾ കാത്തുസൂക്ഷിച്ച് സേവനം തേടാൻ കഴിയുന്ന ഈ ഓൺലൈൻ സേവനം അവശ്യസമയത്ത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ, ജില്ലാ വനിത ശിശുവികസന ഓഫീസർ കവിതാറാണി രഞ്ജിത്ത്, സുന എസ്.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
കാതോർത്ത് സേവനങ്ങൾക്ക് (www.kathorthu.wcd.kerala.gov.in) പുറമെ 181 ഹെൽപ്പ് ലൈൻ വഴിയും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 83 ലീഗൽ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ വഴിയും 39 ഫാമിലി കൗൺസലിങ് കേന്ദ്രങ്ങൾ വഴിയും സേവനങ്ങൾ ലഭ്യമാണ്.