കർഷക പ്രക്ഷോഭം; ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം

ദില്ലി: കർഷക പ്രതിഷേധത്തിനിടെ ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം. ഹരിയാനയിലെ കർഷകരുടെ രാജ്ഭവൻ മാർച്ചിനിടെയാണ് സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പഞ്ച്കുല – ചണ്ഡീഗഡ് അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ തകർത്തു. 

ചണ്ഡിഗഡിലേക്ക് പഞ്ച്കുലയിൽ നിന്ന് പതിനൊന്ന് കിലോമീറ്റർ മാർച്ച് നടത്തിയാണ് കർഷകർ രാജ്ഭവനിലേക്ക് എത്തിയത്. സംയുക്ത കിസാൻ മോർച്ചയുടെ പ്രധാന നേതാക്കളാണ് മാർച്ചിന് നേതൃത്വം നൽകിയത്. കനത്ത സുരക്ഷയാണ് പൊലീസ് സജ്ജമാക്കിയിരുന്നത്.

കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും. ഉപരോധം അക്രമാസക്തമാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചിരുന്നതാണ്. ദില്ലി – യുപി അതിർത്തികളിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടക്കുന്നുണ്ട്.

അതേസമയം, കർഷകരുടെ ഇന്നത്തെ പ്രതിഷേധത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള  ഐ എസ് ഗ്രൂപ്പിൻ്റെ അട്ടിമറി സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദില്ലി പൊലീസ്, സി ഐ എസ് എഫ് ഉൾപ്പെടെയുള്ളവർക്ക് ഇത് സംബന്ധിച്ച് ജാഗ്രത നിർദ്ദേശം നൽകിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →