തിരുവനന്തപുരം : പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ 2021 ജൂണ്‍ 21ന് നടക്കുന്ന ചക്രസ്തംഭന സമരം വിജയിപ്പിക്കണമെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്. ലോകത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വരുന്ന രാജ്യം ഇന്ത്യയാണ്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 70 രൂപയും ഡീസലിന് 55 രൂപയുമായിരുന്നു വില. താന്‍ അധികാരത്തിലെത്തിയാല്‍ 50 രൂപക്ക് പെട്രോളും 40 രൂപ് ഡീസലും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇപ്പോള്‍ ക്രൂഡ് ഓയില്‍വില 70 ഡോളറാണ്. 38 ഡോളര്‍ വരെയായി വിലതാഴ്ന്നു.
കോവിഡ് 19 മൂലം ജോലിയും കൂലിയുമില്ലാതെ ജനം നട്ടം തിരിയുന്നതിനിടയില് ഇടിത്തീപോലെ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ ജീവന് ഊറ്റി കുടിക്കുന്ന രക്ത രക്ഷസായി മോദി മാറിയിരിക്കുന്നുവെന്നും ഇതിനെതിരെ പ്രതിഷേധിക്കാതെ മുന്നോട്ടു പോകാനാവില്ലെന്നും ആനത്തലവട്ടം പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ന്(21.6.2021) പകല്‍ 11 മണിമുതല്‍ 15 മിനിറ്റ് സമയം കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് ചക്ര സ്തംഭന സമരം നടത്താന്‍ തീരുമാനിച്ചത്. സമരത്തില്‍ ആംബുലന്‍സ് ഒഴികെയുളള എല്ലാ വാഹനങ്ങളും എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

