മുംബൈ: മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് ഒരു ഇന്ത്യൻ വംശജൻ. ഏഴു വർഷമായി സിഇഒ ആയിരുന്ന സത്യ നാദെല്ലയാകും പുതിയ ചെയർമാൻ. ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേര്‍ നിര്‍മാണക്കമ്പനിയാണ് മൈക്രോസോഫ്റ്റ്. നിലവില്‍ ചെയര്‍മാനായ ജോണ്‍ തോംസണ്‍ സ്വതന്ത്ര ഡയറക്ടര്‍മാരുടെ നേതൃത്വം വഹിക്കും.
സത്യ നാദെല്ല 2014 ഫെബ്രുവരി നാലിന് കമ്പനിയുടെ സി.ഇ.ഒ. ആയെത്തുന്നത്. വിപണിയിലെ അധിശത്വം നഷ്ടമായ കാലത്താണ് അദ്ദേഹം സിഇഒ ആയത്. പിന്നീട് സത്യ നാദല്ലെയുടെ നേതൃത്വത്തിൽ മൈക്രോസോഫ്റ്റിൽ വരുത്തിയ മാറ്റങ്ങൾ കമ്പനിക്ക് ഗുണകരമായി. ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈല്‍ ആപ്ലിക്കേഷന്‍ ബിസിനസിലും നിര്‍മിതബുദ്ധിയിലും ശ്രദ്ധകേന്ദ്രീകരിച്ച് കമ്പനിയെ തിരിച്ച് പഴയ പ്രതാപത്തിലേക്ക് മടക്കിയെത്തിച്ചത് നാദെല്ലയാണ്.
ബോർഡ് തലപ്പത്തേക്ക് സിഇഒ സത്യ നാദെല്ല ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് മൈക്രോസോഫ്റ്റ് അറിയിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായി മൈക്രോസോഫ്റ്റ് സിഇഒയും ചെയർമാനും ഒരേ വ്യക്തിയായിരിക്കുമെന്ന പ്രത്യേകതയാണുള്ളത്. അവസാനമായി ഇത്തരത്തിൽ ഇരു പദവികളും ഒരുമിച്ച് വഹിച്ചത് 2000 ൽ സിഇഒ സ്ഥാനം രാജിവച്ച ബിൽ ഗേറ്റ്സ് ആയിരുന്നു. 2014 ൽ സിഇഒ ആയി ചുമതലയേറ്റതിനുശേഷം നാദെല്ലയുടെ നേതൃത്വത്തിന് ലഭിച്ച വലിയ അംഗീകാരമാണിത്.

