തൃശ്ശൂർ: ഐ എം എയുടെ ഐ സേഫ് പദ്ധതി രണ്ടാം ഘട്ടത്തിന് ജില്ലയിൽ തുടക്കം. പരിപാടിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. സി എ എം ആശുപത്രിയിലേക്ക് നൽകുന്ന ഓക്സിജൻ കോൺസൻട്രേറ്റിൻ്റെ കൈമാറ്റവും മന്ത്രി നിർവഹിച്ചു. സി എ എം ആശുപത്രി ഡയറക്ടർ അവിനാഷ് സി മേനോൻ മന്ത്രിയിൽ നിന്നും ഓക്സിജൻ കോൺസൻട്രേറ്റ് ഏറ്റുവാങ്ങി.
കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്വയം സുരക്ഷയ്ക്കായി വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുക, മാസ്ക്ക്, സാനിറ്റൈസർ അടങ്ങിയ പേഴ്സനൽ പ്രൊട്ടക്ഷൻ കിറ്റ് വിതരണം ചെയ്യുക എന്നിവയ്ക്കായി ഐ എം എ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഐ സേഫ്.
ജില്ലാ പഞ്ചായത്ത് അംഗം കെ വി സാജു, ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ പി ഗോപി കുമാർ, ജോയിന്റ് സെക്രട്ടറി ഡോ ജെയിൻ ചിമ്മൻ, മുൻ സംസ്ഥാന സെക്രട്ടറി എം ഇ സുഗതൻ, ജില്ലാ പ്രസിഡന്റ് ഡോ ജോയ് മഞ്ഞില, സെക്രട്ടറി ഡോ പവൻ മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.